ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ക്രമാതീതമായി തുടരുന്നതിനിടെ ഡൽഹിയിലെ തിഹാർ ജയിലും അധികൃതരും നിരീക്ഷണത്തിൽ. ദിവസങ്ങൾക്ക് മുൻപ് രണ്ടാം നമ്പർ ജയിലിൽ എത്തിച്ച മാനഭംഗ കേസ് പ്രതി പീഡിപ്പിച്ച പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. പ്രതിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധന ഫലം ഇതുവരെയും വന്നിട്ടില്ല.
.
വൈറസ് ബാധ സ്ഥിരീകരിച്ചാൽ ഇയാൾക്കൊപ്പം സെല്ലിലുണ്ടായിരുന്നവർക്കും കൊവിഡ് ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജയിൽ അധികൃതർ. കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജൻ, ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവൻ ഷഹാബുദ്ദീൻ എന്നിവരടമുള്ളവർ രണ്ടാം നമ്പർ ജയിലിലാണ്. എന്നാൽ ഇവരെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളിലാണെന്നും കൊവിഡ് സംശയിക്കുന്ന പ്രതിയുമായി നേരിട്ട് ഇടപഴകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. പുതുതായി ജയിലിൽ എത്തുന്നവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അധികൃതർ അറിയിച്ചു.