12-life-line

അടൂർ: ഏകമകൻ മരിച്ച ദുഃഖത്തിൽക്കഴിഞ്ഞ അറുപത്തിനാലുകാരനും അൻപത്തിനാലുകാരിക്കും ഇരട്ടക്കുട്ടികൾ പിറന്നു. വടശേരിക്കര ശ്രീനിവാസിൽ ശ്രീധരന്റെ ഭാര്യ കുമാരിയാണ് ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

ഫെഡറൽ ബാങ്കിൽ താത്കാലിക ജീവനക്കാരനായിരുന്ന മകൻ ശ്രീജേഷ് (23)​ 2018 ഡിസംബറിൽ മണിയാറിലുണ്ടായ ബൈക്ക് അപകടത്തിലാണ്‌ മരിച്ചത്. പ്രായമേറിയതിനാൽ ഒരു കുഞ്ഞിനെ ഇനി ലഭിക്കുമോ എന്ന ആശങ്കയോടെയാണ് ഇവർ ലൈഫ് ലൈൻ ആശുപത്രിയിലെത്തുന്നത്. ഡോ.എസ്. പാപ്പച്ചൻ,​ ഡോ.സിറിയക് പാപ്പച്ചൻ എന്നിവരുടെ മേൽനോട്ടത്തിൽ ഒരുവർഷത്തെ ചികിത്സയ്ക്കൊടുവിലാണ് ഇരട്ടിമധുരമായി കുട്ടികൾ പിറന്നത്. അണ്ഡോത്പാദനം നിലച്ചുപോയ ഇവർക്ക് ചികിത്സയിലൂടെ അത് വീണ്ടെടുത്ത് ഇൻ വിട്രോ ഫെർട്ടിലൈസേഷനിലൂടെ ഗർഭധാരണം നടത്തുകയായിരുന്നു. ഡോക്ടർമാരായ ബി. പ്രസന്നകുമാരി, ജെസ്ന ഹസൻ, ഷീജ പി. വർഗീസ് എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു ദമ്പതികൾ.