modi

ന്യൂഡൽഹി: കൊവിഡ് 19 രോഗ പ്രതിരോധത്തിനായുള്ള പണം കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരത്തിലുള്ള ഒരു തീരുമാനവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അവയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് ധനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

There is no proposal under consideration of Govt for any cut whatsoever in the existing salary of any category of central government employees.
The reports in some section of media are false and have no basis whatsoever.@nsitharamanoffc @PIB_India @DDNewslive @airnewsalerts

— Ministry of Finance 🇮🇳 #StayHome #StaySafe (@FinMinIndia) May 11, 2020

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ നൽകുന്ന ശമ്പളം അതേപടി തന്നെ തുടരുമെന്നും കേന്ദ്ര ധനമന്ത്രി തന്റെ ട്വീറ്റിലൂടെ സൂചന നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 30 ശതമാനത്തിന്റെ കുറവ് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി കാണിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകളാണ് ഇപ്പോൾ ധനമന്ത്രി നിഷേധിച്ചിരിക്കുന്നത്.

മുൻപ് കേന്ദ്ര സർക്കാർ നൽകുന്ന പെൻഷനുകളിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന വാർത്തകളും നിഷേധിച്ചുകൊണ്ട് നിർമല സീതാരാമൻ രംഗത്തുവന്നിരുന്നു. പെൻഷൻ വിതരണത്തിൽ കുറവ് വരുത്തില്ലെന്നും നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പദ്ധതിയുടെ ഭാഗമായി വിധവകൾ, മുതിർന്ന പൗരന്മാർ, അംഗപരിമിതർ എന്നിവർക്ക് മൂന്ന് മാസത്തെ പെൻഷൻ മുൻകൂറായി ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.