raina

വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി നൽകില്ലെന്ന് ബി.സി.സി.ഐ

ന്യൂഡൽഹി∙ ദേശീയ ടീമിൽ ഇടമില്ലാത്തവരും 30 വയസ്സ് പിന്നിട്ടവരുമായ ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന സുരേഷ് റെയ്നയുടെ ആവശ്യം തള്ളി ബിസിസിഐ. വിരമിക്കൽ അടുക്കുമ്പോൾ ഏതൊരു താരത്തിനും ഉണ്ടാകാവുന്ന സ്വാഭാവിക തോന്നൽ മാത്രമാണ് ഇതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഭാരവാഹി വ്യക്തമാക്കി. ഐപിഎൽ താരലേലത്തിൽ ബിസിസിഐയുടെ കരാറിൽ ഉൾപ്പെടാത്ത താരങ്ങൾക്കും വമ്പൻ തുക ലഭിക്കുന്നതിനായി ‘പ്രത്യേകം മാറ്റിനിർത്തുന്നതി’നാണ് വിദേശ ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കാത്തതെന്നും അദ്ദേഹം വാർത്താ ഏജൻസികളോട് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമായി ഇൻസ്റ്റഗ്രാം ലൈവിൽ നടത്തിയ ചാറ്റിനിടെയാണ് 30 പിന്നിട്ട, ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലാത്ത താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന് റെയ്ന ആവശ്യപ്പെട്ടത്. പഠാനും ഈ ആവശ്യത്തെ പിന്താങ്ങിയിരുന്നു.

വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടു സംസാരിക്കുമ്പോഴാണ് റെയ്നയുടെയും പഠാന്റെയും ആവശ്യത്തെ ബിസിസിഐ പ്രതിനിധി പരിഹസിച്ച് തള്ളിയത്. ‘വിരമിക്കൽ പ്രായം അടുത്തു വരുന്നുവെന്ന തോന്നലിൽനിന്നാണ് ഇത്തരം അഭിപ്രായങ്ങൾ ഉടലെടുക്കുന്നത്. അത് തികച്ചും സ്വാഭാവികം മാത്രം. സ്വന്തം നില സുരക്ഷിതമാക്കണമെന്ന ചിന്ത വരുമ്പോഴാണ് ഇത്തരം ആശയങ്ങളൊക്കെ മനസ്സിലേക്കു വരുക. അതിനെ കുറ്റം പറയാനാകില്ല’ – ബിസിസിഐ ഭാരവാഹി പറഞ്ഞു. ഇന്ത്യൻ താരങ്ങളുടെ തനിമ നിലനിർത്തുന്നതിനും അങ്ങനെ താരലേലത്തിൽ വലിയ തുക ഉറപ്പാക്കുന്നതിനുമാണ് മറ്റു ലീഗുകളിൽ കളിക്കാൻ വിടാതെ പിടിച്ചുനിർത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ വരുമ്പോൾ ബിസിസിഐയുടെ കരാറിൽ ഉൾപ്പെടാത്ത താരങ്ങൾക്കായും വലിയ ലേലം നടക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് കഴിഞ്ഞ ജനുവരിയിൽ വിരമിച്ച ഇർഫാൻ പഠാനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുവാദം നൽകണമെന്ന ആവശ്യം റെയ്ന ഉയർത്തിയത്. ‘ഐസിസിയുമായും ഐപിഎൽ ടീമുകളുമായും കൂടിയാലോചിച്ച് ദേശീയ ടീമിൽ ഇടമില്ലാത്ത ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുവാദം ബിസിസിഐ നൽകുമെന്നാണ് എന്റെ പ്രതീക്ഷ. ഞാനും യൂസഫ് പഠാനും റോബിൻ ഉത്തപ്പയും ഉൾപ്പെടെയുള്ളവർക്ക് വിദേശ ലീഗുകളിൽ കളിച്ച് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനാകും’ – റെയ്ന പറഞ്ഞു.

‘ഞങ്ങളെല്ലാം ബിസിസിഐയുടെ കരാറിൽ ഉൾപ്പെടാത്തവരാണ്. ചിലർക്ക് ഐപിഎൽ കരാർ പോലുമില്ല. ദേശീയ ടീമിലും കളിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നുണ്ടെങ്കിലും അവിടെ രാജ്യാന്തര നിലവാരത്തിലുള്ള പ്രകടനങ്ങൾക്ക് സാധ്യത കുറവാണ്. കരീബിയൻ പ്രീമിയർ ലീഗിലായാലും ബിഗ് ബാഷിലായാലും മൂന്നു മാസം കളിക്കാൻ അവസരം കിട്ടിയാൽ അതു വളരെയധികം സഹായകമാകും. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ താരങ്ങളാണ് ഈ ലീഗുകളിലെല്ലാം കളിക്കുന്നത്. അവർക്ക് മികച്ച പ്രകടനങ്ങളിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചുവരവിനുള്ള അവസരങ്ങളുമുണ്ട്.’

‘ഞങ്ങൾ ഐപിഎല്ലിൽ കളിക്കുന്നുണ്ടെന്നത് ശരിയാണ്. എങ്കിലും നമ്മുടെ സെലക്ടർമാർ ദേശീയ ടീമിലേക്ക് പരിഗണിക്കുന്ന 40–50 താരങ്ങളുണ്ടാകുമല്ലോ. അതിൽ ഉൾപ്പെടാത്തവരെ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിച്ചുകൂടേ? ഇക്കാര്യത്തിൽ നമുക്കൊരു പ്ലാൻ ബി ഇല്ല എന്നത് പോരായ്മയാണ്. ഞങ്ങൾക്കെല്ലാം വിദേശ ലീഗുകളിൽ കളിക്കാൻ അവസരം നൽകുന്നത് തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിനും ഗുണകരമാകും’ – റെയ്ന ചൂണ്ടിക്കാട്ടി.