lockdown

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് ശക്തമായ സൂചന. രാജ്യത്തെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചർച്ച അവസാനിച്ച വേളയിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തുവരുന്നത്. കൂടുതൽ സംസ്ഥാനങ്ങൾ രാജ്യത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചതോടെയാണ് കേന്ദ്രം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. ഇതോടെ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ പിൻവലിക്കുക എന്നതിലേക്കാണ് കേന്ദ്രം നീങ്ങുന്നതെന്നാണ് അനുമാനം.

ചർച്ചയിൽ, ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കാൻ സാധിക്കില്ല എന്നതായിരുന്നു സംസ്ഥാനങ്ങളുടെ പക്ഷം. വിമാന സർവീസ് ഈ മാസം ആരംഭിക്കരുതെന്ന് കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാനുള്ള തീരുമാനത്തെയും ചില സംസ്ഥാനങ്ങൾ എതിർത്തിട്ടുണ്ട്.

ലോക്ക്ഡൗൺ അവസാനിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തെയും ഭൂരിഭാഗം സംസ്ഥാനങ്ങൾ എതിർക്കുകയാണ് ഉണ്ടായത്. ഒടുവിൽ ഘട്ടം ഘട്ടമായി ലോക്ക്ഡൗൺ അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിച്ചേരുകയായിരുന്നു. സാമ്പത്തിക രംഗത്തെ നിശ്ചലാവസ്ഥ മാറ്റാൻ ലോക്ക്ഡൗൺ അവസാനിപ്പിക്കണം എന്നതായിരുന്നു കേന്ദ്രത്തിന്റെ പക്ഷം. എന്നാൽ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പിൻവലിക്കണം എന്ന ആവശ്യമാണ് പ്രധാനമന്ത്രിയെ അറിയിച്ചത്.

ഡൽഹിയുടെ കൂടുതൽ മേഖലകൾ തുറന്നു നൽകണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തും ലോക്ക്ഡൗൺ പിൻവലിക്കണമെന്ന ആവശ്യമാണ് മുൻപോട്ട് വച്ചത്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന അസം ലോക്ക്ഡൗൺ നീട്ടണം എന്ന് ആവശ്യപ്പെട്ടു. അതേസമയം, ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.