മുംബൈ: കൊവിഡ് കാരണം അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചിരിക്കുന്ന ഐ.പി.എൽ 13- ാം സീസണിനു വേദിയൊരുക്കാൻ സന്നദ്ധതയറിയിച്ച് ശ്രീലങ്കയ്ക്ക് പിന്നാലെ യു.എ.ഇയും. മത്സരങ്ങൾ നിഷ്പക്ഷവേദിയിൽ നടത്താൻ ബി.സി.സി.ഐ തിരക്കിട്ട് ശ്രമംതുടരുന്നതിനിടെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് താൽപര്യം അറിയിച്ചത്. 2014ൽ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ 20ഓളം മത്സരങ്ങൾ യു.എ.ഇയിൽ നടത്തിയിരുന്നു. ഐ.പി.എൽ മത്സരങ്ങൾ ഇന്ത്യയിൽ കോവിഡ് മുക്തമായ വേദികളിൽ തന്നെ നടത്താനാണ് ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ശ്രമം. ഇന്ത്യയിൽ കായിക വേദികൾക്ക് വിലക്ക് തുടരുന്നെങ്കിൽ മാത്രമാകും വിദേശ മൈതാനങ്ങൾ പരിഗണനയിലെത്തുക. യു.എ.ഇ ക്രിക്കറ്റ് അധികൃതർക്ക് സമ്മതമാണെങ്കിലും വിദേശയാത്ര ലോകംമുഴുക്കെ സ്തംഭിച്ചുനിൽക്കുന്ന സാഹചര്യത്തിൽ പുറത്തെ വേദികളെ കുറിച്ച് കൂടുതൽ ആലോചിക്കുന്നില്ലെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമൽ പറഞ്ഞു. 2009ൽ ദക്ഷിണാഫ്രിക്കയിൽ ഐ.പി.എൽ നടത്തിയപ്പോൾ 11.4 ദശലക്ഷം ഡോളർ (86 കോടി രൂപ) ആയിരുന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്കക്ക് വരുമാനം. യു.എ.ഇ ബോർഡ് പക്ഷേ, അത്രയും തുക ഈടാക്കിയിരുന്നില്ലെങ്കിലും കളി നടത്തിയത് കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകാൻ സഹായകമായി. ഇത്തവണയും കളി കടൽ കടന്നാൽ, മൂന്നാം തവണയാകും ഐ.പി.എൽ പുറംവേദിയിൽ അരങ്ങേറുന്നത്. നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ്. ഐ.പി.എൽ സീസൺ അവിടെ നടത്താനായാൽ സാമ്പത്തികമായി രക്ഷപ്പെടാനാകുമെന്നാണ് കണക്കുകൂട്ടൽ.