shafi-parambil

തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ ഷാഫി പറമ്പിലിനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട സി.പി.എം നേതാവിനെതിരെ പരാതി നൽകി കോൺഗ്രസ് യുവജന വിഭാഗം. കോവിഡ് കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നതുമാണ് ഫേസ്ബുക്ക് പോസ്റ്റെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നു.

പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ സി.ടി. സോമരാജനെതിരെയാണ്​ യൂത്ത് കോൺഗ്രസ് തൃശൂർ​ ജില്ല പ്രസിഡൻറ്​ അഡ്വ ഒ.ജെ. ജെനീഷ് തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറിയത്.

ഇതിനിടെ, കൊവിഡിന്റെ കാലത്ത് മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി.പി.എം കോണ്‍ഗ്രസ് പാർട്ടിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണെന്ന ആരോപണവുമായി വി.ഡി സതീശന്‍ എം.എൽ.എ രംഗത്തെത്തി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും അനുഭാവികളും ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും വി ഡി സതീശന്‍ പറയുന്നു. കോണ്‍ഗ്രസ് എന്താണെന്ന് ബോദ്ധ്യപ്പെടുത്തി തരാമെന്നും കോണ്‍ഗ്രസ് എം.എൽ.എ ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുന്നു.