boys-

ന്യൂഡല്‍ഹി: ബോയ്‌സ് ലോക്കര്‍ റൂം കേസിൽ സ്‌നാപ്ചാറ്റ് ഗ്രൂപ്പ് ചാറ്റുകളെന്ന പേരില്‍ പ്രചരിച്ച അശ്ലീല സന്ദേശങ്ങൾക്ക് പിന്നിൽ പെൺകുട്ടിയെന്ന് പൊലീസ്. അശ്ലീല സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടിന് കേസിൽ ഇപ്പോൾ അറസ്റ്റിലായവരുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

സിദ്ധാര്‍ഥ് എന്ന പേരില്‍ വ്യാജ ഐ..ഡിയുണ്ടാക്കിയാണ് പെണ്‍കുട്ടി ഇത്തരം സന്ദേശങ്ങള്‍ സ്‌നാപ്ചാറ്റ് ഗ്രൂപ്പില്‍ പങ്കുവെച്ചതെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. നേരത്തെ ഇന്‍സ്റ്റഗ്രാമിലെ ബോയ്‌സ് ലോക്കര്‍ റൂം ചാറ്റ് ഗ്രൂപ്പുകള്‍ സ്‌നാപ്ചാറ്റിലും സജീവമാണെന്നും അവരുടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണെന്ന പേരിലും ഇതെല്ലാം പ്രചരിച്ചിരുന്നു.

സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ സ്വഭാവം മനസിലാക്കാനും അവന്‍ എങ്ങനെ പെരുമാറുമെന്ന് അറിയാനുമാണ് വ്യാജ ഐഡിയുണ്ടാക്കി ചാറ്റ് ചെയ്തത് എന്നാണ് പെൺകുട്ടിയുടെ മൊഴി. സ്‌നാപ് ചാറ്റിലൂടെ സിദ്ധാര്‍ഥ് എന്ന പേരില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പെണ്‍കുട്ടി ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ സിദ്ധാര്‍ഥ് എന്ന ഐഡിയില്‍ നിന്ന് അയച്ച ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സുഹൃത്തായ ആണ്‍കുട്ടി സൂക്ഷിച്ചുവെയ്ക്കുകയും സുഹൃത്തുക്കള്‍ക്ക് അയക്കുകയും ചെയ്തു.

വ്യാജ ഐ.ഡിയുണ്ടാക്കിയ പെണ്‍കുട്ടിക്കും ഇതേ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ ഈ സ്‌ക്രീന്‍ഷോട്ടുകൾ ബോയ്‌സ് ലോക്കര്‍ റൂം എന്ന പേരില്‍ പിന്നീട് ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിക്കുകയായിരുന്നു..

അതേസമയം, ഇന്‍സ്റ്റഗ്രാമിലെ ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിനെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രൂപ്പില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു