മഴക്കാലം തുടങ്ങാൻ ഇനി പരിമിതമായ ദിവസങ്ങളേയുള്ളൂ. മഴക്കാലരോഗങ്ങളിൽ ഗുരുതരമായ ഒന്നാണ് എലിപ്പനി. എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിൽ കലരുന്ന ലെപ്റ്റോ സ്പൈറ ബാക്ടീരിയ കാലിലെ മുറിവിലൂടെയും വ്രണങ്ങളിലൂടെയും ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ചികിത്സ കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ രോഗം മാരകമാവും. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഘട്ടത്തിൽ മരണം പോലും സംഭവിച്ചേക്കാം.
പനി, ശരീരവേദന, കണ്ണുകൾക്ക് മഞ്ഞയും ചുവപ്പും നിറം, മൂത്രത്തിൽ രക്തം, പേശീവേദന, നടുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ലക്ഷണം കണ്ടാലുടൻ വിദഗ്ദ്ധ ചികിത്സ തേടണം. രക്തപരിശോധനയിലൂടെ രോഗനിർണയം നടത്താം. മലിനജലത്തിലൂടെ കാൽനടയാത്ര ഒഴിവാക്കുക, മഴക്കാലത്ത് പുറത്ത് പോയി വന്നാലുടൻ കാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ സംരക്ഷിത കവചം ഉപയോഗിക്കണം. പ്രതിരോധ മരുന്ന് കഴിക്കുന്നതിലൂടെ രോഗസാദ്ധ്യത കുറയ്ക്കാം. പ്രതിരോധ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുക.