കോഴിക്കോട്: വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തിയ ആറ് പേർക്ക് കൊവിഡ് രോഗലക്ഷണം. ബഹ്‌റിനിൽ നിന്നും ദുബായിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവർക്കാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. ബഹ്‌റിനിൽ നിന്നെത്തിയ നാല് പേർക്കും ദുബായിൽ നിന്നെത്തിയ രണ്ട് പേർക്കുമാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്.
ബഹ്‌റിനിൽ നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേർക്കും രോഗലക്ഷണം കണ്ടെത്തി. ഇരുവരെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബഹ്‌റിനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. പുലർച്ചെ 12.40 നാണ് ഐ എക്‌സ് - 474 എയര്‍ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ രോഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ റൺവേയിൽ തന്നെ ആംബുലൻസുകൾ കൊണ്ടുവന്ന് കൊവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും.
എട്ട് പേരെയാണ് ആകെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ലക്ഷണമുള്ള നാല് പേരെയും ഇവർക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയെയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയെയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം, റദ്ദാക്കിയ ദോഹ വിമാനം പ്രവാസികളുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെ 12.40ന് എത്തിച്ചേരും. വൈകിട്ട് ഏഴിന് വിമാനം ദോഹയിൽ നിന്നും പുറപ്പെടും. ഞായറാഴ്ച എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന വിമാനത്തിന്റെ യാത്ര അവസാന നിമിഷം മാറ്രിവയ്‌ക്കുകയായിരുന്നു. പുതിയ പട്ടികപ്രകാരം എത്രപേരുണ്ടെന്ന് വ്യക്തമല്ല. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരെ അവരുടെ ബസിൽ അങ്ങോട്ടേക്ക് കൊണ്ടുപോകും. ബസ് വന്നില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് ഏർപ്പെടുത്തും.
ബാക്കിയുള്ളവരിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവരെ കെ.എസ്. ആർ.ടി.സി ബസുകളിൽ അതത് ജില്ലകളിലേക്കും തിരുവനന്തപുരത്തുള്ളവരെ ജല അതോറിട്ടി അതിഥി മന്ദിരം, മൺവിള സഹകരണ പരിശീലന കേന്ദ്രം തുടങ്ങി വിവിധ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും മാറ്രും. സ്വന്തം ചെലവിൽ താമസിക്കാൻ താല്പര്യമുള്ളവരെ കെ.ടി.ഡി.സിയുടെ ഹോട്ടലുകളിൽ താമസിപ്പിക്കും.