ഇനി വിട തരുമോ....പ്രിയരെ
വിട തരുമോ പ്രിയരെ,
മൂകമായി ഞാൻ പോകയി
നെഞ്ചിലൂറും നോവുമായി
ഇനി വിട തരുമോ പ്രിയരെ....
അകാലത്തിൽ പൊലിഞ്ഞുപോയ സംഗീതസംവിധായകൻ പ്രശാന്ത് ബി. ജോണിന്റെ കരസ്പർശമേറ്റ വരികളാണിത്. ഈ ലോക്ക് ഡൗൺ കാലത്ത് അധികമാരും അറിയാതെ പോയ മരണം. പ്രശാന്തിന്റെ സംഗീതം പോലെ സ്നേഹത്തിന്റെയും കരുതലിന്റെയും സഹനത്തിന്റെയും കരൾ നിറയ്ക്കുന്ന നൊമ്പരമാണ് ആ വേർപാട്. ഹിന്ദുസ്ഥാനി സംഗീതവും ക്രിസ്തീയ ആൽബങ്ങളുമായി ആത്മീയ ഗാനരംഗത്തു നിന്ന് സിനിമയുടെ പശ്ചാത്തല സംഗീത മേഖലയിലേക്ക് കടന്നു വന്ന വ്യക്തിത്വമായിരുന്നു പ്രശാന്ത് ബി.ജോൺ.
രാജമാണിക്യത്തിലൂടെ തുടങ്ങിയ സ്ക്രീനിലെ അകമ്പടി സംഗീതം ക്ളാസ്മേറ്റ്സ്, ചാർളി, എന്ന് നിന്റെ മൊയ്തീൻ, ഹാപ്പി സർദാർ, ക്യാപ്ടൻ, സ്കൂൾ ബസ് എന്നീ സിനിമയിലൂടെ ശ്രദ്ധനേടി. ക്ളാസ്മേറ്റ്സിലെ മുരളിയുടെ മരണവും ചാർളിയിലെ മേരിയുടെ നൊമ്പരവും മൊയ്തീന്റെ വേർപാടും കാഞ്ചനമാലയുടെ വിരഹവുമെല്ലാം നാം അറിയുന്നത് പ്രശാന്തിന്റെ കീബോർഡിലെ കണ്ണു നനയിക്കുന്ന സംഗീതത്തിന്റ പിൻബലത്തോടെയായിരുന്നു. 47ാം വയസിൽ അവിചാരിതമായിരുന്നു പ്രശാന്തിന്റെ വിയോഗം. കരൾരോഗത്തോട് മല്ലടിച്ച്തന്റെ ലോകത്ത് നല്ല സാന്നിദ്ധ്യമായി തുടരുകയായിരുന്നു. ചികിത്സകളും പ്രാർത്ഥനകളുമായി രണ്ടരവർഷം, അവസാനം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമായി ആശ്രയം. പ്രശാന്തിനായി എന്ത് ത്യാഗത്തിനും ഉറ്റവർ തയ്യാറായിരുന്നു. സഹോദരി പ്രിയ കരൾ നൽകാൻ സന്നദ്ധമായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ തടസമായി. അവയവദാന പദ്ധതികളിലൂടെ കരൾ ലഭിക്കാനായി നാളുകൾ കാത്തിരിക്കാൻ ആ കുടുംബം തയ്യാറായിരുന്നില്ല. സഹോദരി ഭർത്താവ് റൂബർട്ട് കെ. വിക്ടർ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ ഡി.ടി.പി വിഭാഗം ജീവനക്കാരനായ റൂബർട്ട് 50 -ാം വയസിൽ കരൾദാനത്തിന് തയ്യാറായി.
കരൾ നിറഞ്ഞ കൈനീട്ടം
കഴിഞ്ഞ ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിൽ ഉയിർപ്പിന്റെ ഈണങ്ങൾ പള്ളിമണികൾക്കൊപ്പം നിറയുന്ന അന്തരീക്ഷത്തിലാണ് രോഗബാധിതനായ പ്രശാന്തിന് ജീവന്റെ ഒരംശം പകുത്ത് നൽകുന്നതിനായി റൂബർട്ട് ആശുപത്രിയിൽ എത്തുന്നത്. ഒരു ദിവസത്തിന് ശേഷം വിഷുദിനത്തിൽ നൽകാവുന്നതിൽ ഏറ്റവും വലിയ കൈനീട്ടമായി കരൾ അദ്ദേഹം പകുത്തു നൽകി. ഇടയ്ക്കെപ്പൊഴോ മുറിഞ്ഞുപോകുമായിരുന്ന സ്വരങ്ങൾ വീണ്ടെടുത്ത ആശ്വാസമായിരുന്നു ആ ദിവസം സംഗീത പ്രേമികൾക്കും ബന്ധുക്കൾക്കും. റൂബർട്ട് പകർന്ന കരളുറപ്പിൽ പ്രശാന്തിന്റെ മിഴികൾ ചലിച്ചു തുടങ്ങിയപ്പോൾ, കൈവിരലുകൾ താളമിട്ടപ്പോൾ, ചുണ്ടുകളിൽ ഈണങ്ങൾ വിരിഞ്ഞപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞത് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നില്ല. തമിഴ്, മലയാളം,തമിഴ്, തെലുങ്ക് സിനിമാ സംഗീത മേഖലയിലെ പ്രമുഖർ അടക്കം പ്രാർത്ഥനകളുമായി കാത്തിരുന്നവർ ഏറെയായിരുന്നു. എന്നാൽ എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് വന്ന ആശ്വാസത്തിന്റെ വാക്കുകൾക്ക് ആയുസ് കുറവായിരുന്നു. വിജയകരമായ കരൾമാറ്റ ശസ്ത്രക്രിയയുടെ പന്ത്രണ്ടാംദിനം ഞെട്ടലോടെയാണ് സംഗീതലോകം ആ വാർത്ത കേട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന പ്രശാന്ത് ബി.ജോൺ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ഏപ്രിൽ 24ന് രാത്രി 11ന് ആയിരുന്നു മരണം. ഈ സമയം അതിതീവ്ര പരിചരണ വിഭാഗത്തിന്റെ ഒരു ചുവരിന് അപ്പുറം ഇതൊന്നും അറിയാതെ റൂബർട്ട് ഉണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം മരണ വിവരം റൂബർട്ടിനെ അറിയിക്കുകയുണ്ടായി. താൻ നൽകിയ ജീവന്റെ തുടിപ്പുകളുമായി, കൈ വിരലുകളിൽ മാസ്മരികത നിറയുന്ന സംഗീതവുമായി ഭാര്യ സഹോദരൻ കടന്നുപോയി എന്ന് അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. അടുത്ത ദിവസം രാവിലെ മുണ്ടക്കയത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് നിറമിഴികളോടെ റൂബർട്ട് അവസാനമായി പ്രശാന്തിനെ ഒരിക്കൽ കൂടി കണ്ടു.
സംഗീതം ഉറങ്ങാത്ത വീട്
മുണ്ടക്കയം വേലിക്കകത്ത് വീട്ടിൽ എന്നും സംഗീതമുണ്ടായിരുന്നു. പോസ്റ്റ് മാസ്റ്ററായിരുന്ന പിതാവ് വി.ജെ.ജോൺ തന്നെയാണ ് പ്രശാന്തിനെയും സംഗീത ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നത്. പ്രഥമാദ്ധ്യാപികയായിരുന്ന അമ്മ ജോളിയും ഒപ്പം നിന്നു. പിന്നീട് സംഗീതത്തിലായിരുന്നു പ്രശാന്തിന്റെ പഠനവും പരീക്ഷണവുമെല്ലാം. കൺവെൻഷൻ നഗറുകളിലും പള്ളിയങ്കണങ്ങളിലും പ്രശാന്തിന്റെ സംഗീതത്തിന് ആസ്വാദകരേറെയായിരുന്നു. ഒരു സാധാരണ യമഹാ കീബോർഡുമായി കമ്പോസിംഗ് ആരംഭിച്ചു. പിന്നീടത് വീട്ടിലെ ഒരു മുറിയിൽ മ്യൂസിക്ക് റെക്കാർഡിംഗ് സ്റ്റുഡിയോ വരെയായി വളർന്നു. സംഗീത പ്രതിഭ ഗോപീസുന്ദറിന്റെ അസിസ്റ്റന്റ് വരെയായി വളർന്നിട്ടും നാട്ടിലെ പാട്ടുകാരനായി അറിയപ്പെടാനായിരുന്നു പ്രശാന്തിന് ആഗ്രഹം. പ്രശാന്തിന്റെ ഭാര്യ രഞ്ജിനിയും മക്കളായ രോഹനും ആനും സംഗീതത്തിന്റെ കൂട്ടുകാരാണ്. രോഹൻ ഇപ്പോൾ സംഗീതത്തിന്റെ ലോകത്ത് ചുവട് ഉറപ്പിക്കാൻ ശ്രമം നടത്തുന്നു. പിതാവ് കടന്നുവന്ന വഴിയെ അദ്ദേഹത്തിന്റെ കീബോർഡും റെക്കാർഡിംഗ് സ്റ്റുഡിയോയുമായി സംഗീതത്തിന്റെ മറ്റൊരു വസന്തത്തിനായി കാത്തിരിപ്പിലാണ്. കരൾ നൽകിയ റൂബർട്ട് ശസ്ത്രക്രിയയെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്. ആശുപത്രി കിടക്കയിലും അദ്ദേഹം വിശ്വസിക്കുന്നു പ്രശാന്തിന് പൂർത്തിയാക്കാൻ കഴിയാതെ പോയ സംഗീതം രോഹനിലൂടെ പുനർജനിക്കുമെന്ന്.
(ലേഖകന്റെ നമ്പർ : 9947229976)