migrents

അജ്മീർ: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തളർന്നുവീണതാണ് ഇന്ത്യയുടെ തൊഴിൽ, സാമ്പത്തിക മേഖലകൾ. ഏറ്റവുമധികം ദുരിതത്തിലായത് നിത്യവും ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളാണ്. സർക്കാരുകൾ ആഹാരവും താമസവും ഉറപ്പ് നൽകിയാലും വലിയ നഗരങ്ങളിൽ തൊഴിലെടുത്തിരുന്ന ഇവർ ജോലി നഷ്ടമായതോടെ ഉത്തർപ്രദേശിലും, ഛത്തീസ്ഗഡിലും ബിഹാറിലും ജാർഖണ്ഡിലും ജമ്മു കശ്മീരിലുമെല്ലാമുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് തിരികെ പോകുകയാണ്, കയ്യിൽ കിട്ടിയ ചെറിയ തുകയും ആഹാര സാധനങ്ങളും ഭാണ്ഡത്തിലാക്കി കുടുംബത്തെയും കൂട്ടി.

ജയ്പൂർ മുതൽ അജ്മീർ‌ വരെ രാജസ്ഥാനിലെ കൊടും ചൂടുള്ള പകൽ സമയം ദേശീയ പാതയിൽ വാഹനത്തിൽ മൂന്ന് മണിക്കൂറിലാണ് എത്തുക. ആയിരക്കണക്കിന് ആളുകളാണ് എന്നാൽ അതിന് വകയില്ലാതെ നിരയായി ഈ വഴിയിലൂടെ നടന്നു നീങ്ങുന്നത്. ചിലർക്ക് ചെരുപ്പില്ല, നടന്ന് പൊട്ടിയ കാൽപാദങ്ങളും രോഗബാധയാൽ തളർന്നവരുമെല്ലാം ഇതിലുണ്ട്. രാത്രി കാലങ്ങളിലും ധാരാളം തൊഴിലാളികൾ നടക്കാറുണ്ട്, എത്രയും പെട്ടെന്ന് സ്വന്തം വീട് എത്തിച്ചേരാനുള്ള ആശയിൽ.

ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികൾ, ചിലരുടെ കൈവശം മാത്രമേ ആഹാരമുണ്ടാക്കാനുള്ള സാമഗ്രികളും വെള്ളവും പോലുമുള്ളൂ. രാത്രിയിൽ ഏറെനേരം നടന്നശേഷം വിശ്രമിക്കുക വഴിയരികിൽ തന്നെയാണ്. കുതിച്ച് പായുന്ന ചരക്കുവണ്ടികൾ ഇവിടങ്ങളിൽ ഇവർക്ക് അപകടഭീഷണിയാണ്. മുന്നാലാൽ ഇത്തരത്തിൽ ആറ് ദിവസമായി നടക്കുന്ന ഒരാളാണ് ഇനിയും പന്ത്രണ്ട് നാൾ നടന്നാലേ ബീഹാറിലെ ഭഭുവ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തുകയുള്ളു. കോൺട്രാക്ടർ കയ്യൊഴിഞ്ഞതോടെ ജോലി നഷ്ടമായി, മറ്റൊരു വഴിയുമില്ലാതെ തിരികെ ഗ്രാമത്തിലേക്ക് പുറപ്പെട്ടയാളാണ് മുന്നാലാൽ.

ദിവസവും 300 രൂപ കൂലിക്ക് ജോലി ചെയ്തിരുന്നയാളാണ് രാംകുമാർ. മുൻപ് മുന്നാലാലിന് സംഭവിച്ചത് തന്നെ രാംകുമാറിനും സംഭവിച്ചു. അനിശ്ചിതത്വത്തിനിടെ തിരികെ നാട്ടിലേക്ക് പോകാൻ രാംകുമാർ തീരുമാനിക്കുകയായിരുന്നു. തിരികെ നാട്ടിലെത്താൻ ട്രെയിനിന് രജിസ്ട്രേഷന് വേണ്ടി നാല് ദിവസത്തോളം പലരും കാത്തു. ഒരു തീരുമാനവും വരാതായതോടെ ഇവർക്ക് നടന്ന് പോകേണ്ട ദയനീയാവസ്ഥയായി.

പെയിന്റിംഗ് പണിക്കാരായ രമേശും പവനും ദിവസവും 400-500 രൂപ വരുമാനം ലഭിച്ചിരുന്നു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടം വന്നതോടെ തിരികെ ചങ്ങാതിമാർക്കൊപ്പം സൈക്കിളിൽ നാട്ടിലേക്ക് പുറപ്പെട്ടു. യാത്രക്കിടെ കേട് വന്ന സൈക്കിൾ റിപ്പയർ ചെയ്യാൻ കഴിയാതെ വന്നതോടെ അവ ഉപേക്ഷിച്ച് നടക്കുകയാണ്. ഭക്ഷണം പോലും ആരും നൽകുന്നില്ല.

അഹമ്മദാബാദിൽ ജോലി നോക്കുന്ന കാശ്മീർ സ്വദേശി മഹേന്ദ്രകുമാറിന് ജോലി നഷ്ടമായി. ആഹാരത്തിനും വകയില്ല. നടന്നുവരുന്ന വഴിയിൽ എല്ലായിടത്തും പൊലീസ് വക അന്വേഷണവും ഉണ്ട്. കൊവിഡ് കാല ദുരിതത്തിന്റെ, വേദനയുടെ യഥാർത്ഥ ചിത്രം ഇത്തരത്തിൽ ഓരോരുത്തരുടെ അനുഭവത്തിൽ നിന്നും പുറത്ത് വരികയാണ്. അത് തുടരുകയുമാണ്.