കണ്ണമ്മ, 'അയ്യപ്പനും കോശിയും" കണ്ടിറങ്ങിയവരുടെ മനസിൽ ആഴത്തിൽ പതിഞ്ഞ കഥാപാത്രമാണ്. ആരെയും കൂസാത്ത, ഒന്നിനെയും പേടിയില്ലാത്ത എന്നാൽ അവകാശങ്ങൾക്ക് വേണ്ടി എപ്പോഴും ശബ്ദമുയർത്തുന്ന പെണ്ണ്. കണ്ണമ്മ എന്ന കരുത്തുറ്റ സ്ത്രീക്ക് വെള്ളിത്തിരയിൽ ജീവൻ പകർന്ന നടി ഗൗരി നന്ദ പറയുന്നു.
''ഈ കാലഘട്ടത്തിൽ നമുക്ക് പഠിക്കാനേറെയുണ്ട്, ഇനിയെങ്കിലും പ്രകൃതിയോടു ചേർന്നു ജീവിക്കാൻ മനുഷ്യരോട് പറയാതെ പറയുകയാണ്, ഞാൻ അഭിനയിച്ച കണ്ണമ്മ എന്ന കഥാപാത്രം പോലും ഒരു ഓർമ്മപ്പെടുത്തലാണെന്ന് ഇപ്പോൾ തോന്നുന്നു. ആരെയും കൂസാത്ത മനുഷ്യനെ തോൽപ്പിക്കാൻ ഒരു സൂക്ഷ്മജീവി മതിയെന്ന സത്യം വല്ലാതെ ഞെട്ടിക്കുന്നതാണ്. കണ്ണമ്മയെ പോലെ തന്നെ പ്രകൃതിയെ സ്നേഹിക്കുന്ന ആളാണ് ഞാനും. അട്ടപ്പാടിയിലെ ജീവിതം നേരിട്ട് കണ്ടുമനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിമനോഹരമായ സ്ഥലമാണ്. അവിടത്തെ ജനങ്ങളും അങ്ങനെയാണ്. പ്രകൃതിയെ നോവിക്കാതെ, ഓരോ നിമിഷവും അവർ പ്രകൃതിയെ സ്നേഹിക്കുന്നവരാണ്. നമ്മളൊക്കെ മറന്നു തുടങ്ങിയ നമ്മുടെ കടമകൾ അവർ ഓർമപ്പെടുത്തുകയാണ്. കണ്ണും മനസും തുറന്ന് കാണാൻ ഒത്തിരി കാഴ്ചകളുണ്ട്. ഇനിയും കണ്ണമ്മമാർ ഉണ്ടാകട്ടെ.""
മണ്ണിനെ മറന്ന് ജീവിക്കരുത്
ലോക്ക് ഡൗണിലെ പ്രധാന പരിപാടി കൃഷിയാണ്. അമ്മയ്ക്ക് വീട്ടിൽ അത്യാവശ്യം കൃഷിയുണ്ട്. അത് കുറച്ചുകൂടി വിപുലപ്പെടുത്താൻ പറ്റി. ഇനിയുള്ള നാളിലെങ്കിലും നമ്മൾ മണ്ണിൽ പണിയെടുത്ത് ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കണ്ടെത്തണം. പ്രകൃതിയെ മറന്നുതുടങ്ങിയതാണ് പല പ്രശ്നങ്ങൾക്കും കാരണമായത്. ഈ അടച്ചുപൂട്ടൽ കാലത്ത് എല്ലാവർക്കും അത് തിരിച്ചറിയാൻ പറ്റി. സിനിമ കാണലാണ് മറ്റൊരു വിനോദം. വായനയും ഒത്തിരിയിഷ്ടമാണ്. അതിനും ഇപ്പോൾ നല്ലതുപോലെ സമയം കിട്ടുന്നുണ്ട്. ലോക്ക് ഡൗണിന് തൊട്ടുമുന്നേ നാലു സിനിമകളുടെ കഥ കേട്ടിരുന്നു. ഒന്നും കമ്മിറ്റ് ചെയ്തില്ല. ലോക്ക് ഡൗൺ കഴിയട്ടെ. നല്ല കഥാപാത്രങ്ങളേ ഇനി ചെയ്യുകയുള്ളൂ. കണ്ണമ്മ തന്നെ ഉത്തരവാദിത്തം അത്രയും വലുതാണ്.
കാലഘട്ടത്തിന്റെ ആവശ്യം
ന്യായത്തിന് വേണ്ടി പോരാടുകയും അന്യായം കണ്ടാൽ അപ്പോൾ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് കണ്ണമ്മ. ഇന്നത്തെ കാലത്ത് അവളെ പോലുള്ളവർക്ക് ഏറെ പ്രസക്തിയുണ്ട്. അവളുടെ ജനതയ്ക്ക് വേണ്ടി മുൻകൈയെടുത്ത്, അവരുടെ നല്ലതിന് വേണ്ടി പരിശ്രമിച്ച് അത് നേടിയെടുക്കാൻ ശ്രമിക്കുന്ന ആളാണ്. ആദ്യമായിട്ടാണ് ഇത്രയും കരുത്തുറ്റ ഒരു വേഷം ചെയ്തത്. പക്ഷേ അത് വലിയ ബുദ്ധിമുട്ടായിട്ടൊന്നും തോന്നിയില്ല. പറഞ്ഞിരിക്കുന്ന കാരക്ടർ എന്നെ കൊണ്ട് കഴിയുന്ന തരത്തിൽ ഭംഗിയായി അവതരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. കണ്ണമ്മ കരിയർ ബ്രേക്കാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സച്ചി സാറിന്റെ സിനിമകളിലെല്ലാം സ്ത്രീകൾക്ക് പ്രത്യേകമായി ഒരു ഇടം കിട്ടാറുണ്ട്. ഏത് കാരക്ടർ ആണെങ്കിലും ഐഡന്റിറ്റി അല്ലെങ്കിൽ ടാലന്റ് കാണിക്കാൻ പറ്റുന്ന വേഷങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ കണ്ണമ്മയാകാൻ വിളിക്കുമ്പോൾ എനിക്കൊരു കൺഫ്യൂഷനുമുണ്ടായിരുന്നില്ല. മറ്റു രണ്ട് സ്ത്രീകഥാപാത്രങ്ങൾ കൂടി സിനിമയിലുണ്ട്. അവർക്കും കൃത്യമായ സ്പേസുണ്ട്. അത് സച്ചി സാറിന്റെ സിനിമയിൽ നിന്ന് കിട്ടുന്ന ഗാരന്റിയാണ്.
ബ്രേക്ക് കിട്ടിയത് പത്താമത്തെ വർഷം
മലയാളത്തിൽ നല്ലൊരു വേഷവുമായി തിരിച്ചുവരണമെന്ന് ആഗ്രമുണ്ടായിരുന്നു. ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ആദിവാസി ലുക്കിലേക്ക് വരാൻ കുറച്ച് ബുദ്ധിമുട്ടി. കണ്ണമ്മയാകുന്നത് മുന്നേ വരെ ഞാൻ കുറച്ച് ചബ്ബി ആയിരുന്നു. കണ്ണമ്മയാകാൻ വേണ്ടി ആദ്യമേ സച്ചി സാർ പറഞ്ഞിരുന്നു അവിടെയുള്ളവരൊക്കെ മെലിഞ്ഞിട്ടുള്ളവരാണ്, മഞ്ഞും മഴയും വെയിലും ഒന്നും വക വയ്ക്കാതെ നടക്കുന്നവരാണ് എന്നൊക്കെ. മേക്കപ്പും കോസ്റ്റ്യൂംസുമെല്ലാം നന്നായി തന്നെ സഹായിച്ചു. കണ്ണമ്മ ഇങ്ങനെയാണ്, അവളുടെ ശരീര ഭാഷ ഇങ്ങനെയാണ്, അയ്യപ്പൻ നായരോടു ഇങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ സാർ കൃത്യമായി പറഞ്ഞുതന്നിരുന്നു. ഒൻപത് മാസത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് കഷ്ടപ്പെട്ടതിനുള്ള ഫലമാണ് ഇപ്പോൾ കിട്ടിയതെന്ന് വിശ്വസിക്കുന്നു.
ഇടവേളകൾ മനഃപൂർവമല്ല
2010 ൽ 'കന്യാകുമാരി എക്സ്പ്രസ്" എന്ന സിനിമ ചെയ്തു കൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. സുരേഷ് ഗോപിയായിരുന്നു നായകൻ. പിന്നീട് എല്ലാ ഭാഷയിലുമായിട്ട് ഒൻപത് സിനിമകൾ ചെയ്തു. തമിഴിൽ മൂന്ന് സിനിമ ചെയ്തു. തെലുങ്ക് ചെയ്തു. ഇതിനൊക്കെ കുറച്ചധികം സമയമെടുക്കും. ഇവിടത്തെ പോലെ പെട്ടെന്ന് ഷൂട്ട് തീരില്ല. ഒരു വർഷമൊക്കെ സമയമെടുത്താണ് ചിത്രീകരണം പൂർത്തിയാവുക. മറ്റു സിനിമകൾ ചെയ്യരുതെന്ന് എഗ്രിമെന്റും ഉണ്ടായിരിക്കും. അതാണ് സിനിമകളുടെ എണ്ണം കുറഞ്ഞത്. പക്ഷേ പത്താമത്തെ വർഷമാണ് ബ്രേക്ക് കിട്ടിയത്. മൂന്ന് ഭാഷകളിൽ അഭിനയിക്കാൻ കഴിഞ്ഞു. എല്ലാ ഭാഷയിലും കംഫർട്ടാണ്. കൂടുതൽ നല്ല വേഷം കിട്ടിയിരിക്കുന്നത് തമിഴിലാണ്. മലയാളത്തിൽ ഇപ്പോഴാണ് നല്ലൊരു വേഷം കിട്ടിയത്.
സിനിമയാണ് മനസ് നിറയെ
സിനിമയോടൊപ്പം സഞ്ചരിച്ച് സിനിമയെ ഒരുപാട് സ്നേഹിക്കുന്ന എപ്പോഴും സിനിമയെ കുറിച്ച് ചിന്തിക്കാനും പറയാനും ആഗ്രഹിക്കുന്ന വ്യക്തിയാണ്. തൃപ്പൂണിത്തുറയിലാണ് താമസം. അച്ഛൻ പ്രഭാകരപ്പണിക്കർ 20 വർഷം മുമ്പ് മരിച്ചു, പട്ടാളക്കാരനായിരുന്നു. അമ്മ സതി. അമ്മയാണ് എപ്പോഴും എന്റെ കൂടെയുണ്ടാവുക. ഒരു ചേച്ചിയുണ്ട്, മായ. വിവാഹമൊക്കെ കഴിഞ്ഞു. സിനിമയിൽ ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്. ഓർത്തിരിക്കുന്ന നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ മാത്രമാണ് മനസിൽ. സിനിമയെ കുറിച്ച് മാത്രമേ ചിന്തയുള്ളൂ.