മലയാളിയുടെ സ്വഭാവത്തിന് തീരെ ചേരാത്തതാണ് ഈ അടച്ചിരിപ്പ്. എങ്കിലും ഒരു സമൂഹമെന്ന നിലയ്ക്ക് തികഞ്ഞ അച്ചടക്കത്തോടെ നമ്മൾ കഴിഞ്ഞ രണ്ടു മാസത്തോളം വീട്ടിനുള്ളിലിരുന്നു.അതിസംഹാരശേഷിയുള്ള ആയുധക്കൂമ്പാരങ്ങളെയും സമ്പത്തിനെയും ധാരാളിത്തത്തെയും നോക്കി കൊഞ്ഞനം കുത്തി, അഗോചരമായ കൊറോണ വൈറസുകൾ അഴിച്ചുവിട്ട ആക്രമണത്തിൽ വികസിതരാജ്യങ്ങൾക്കു കാലിടറുമ്പോൾ, ഈ കഷ്ടരാശിയിൽ ഒരു സമൂഹത്തെ പരിരക്ഷിക്കേണ്ടതെങ്ങനെ എന്ന് കേരളം കാണിച്ച മാതൃക ഇന്ന് ലോകമെങ്ങും അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഒരു പരീക്ഷണഘട്ടത്തിൽ എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന നിർണയത്തെ സ്വാധീനിക്കുന്നത് ഭരണകൂടത്തെ നയിക്കുന്ന നീതിബോധവും, സാമൂഹ്യബോധവും ജനാധിപത്യബോധവും മാനവികതയുമാണ്. സന്ദർഭം ആവശ്യപ്പെടുന്ന ഭരണപരമായ നിയന്ത്രണങ്ങളും ഏകോപനവും മനുഷ്യത്വപൂർണമായ ഭരണനിർവഹണവും കേരളസർക്കാരിന്റെ ഈ കാലയളവിലെ പ്രവത്തനങ്ങളെയും പ്രതികരണങ്ങളെയും വ്യത്യസ്തമാക്കി. ഏതെല്ലാം വിഭാഗം ജനങ്ങളെയാണ് ലോക്ക്ഡൗൺ ഏറ്റവും കഠിനമായി ബാധിക്കുന്നതെന്ന് കൃത്യമായി മനസിലാക്കുക മാത്രമല്ല, അവർക്കു അവശ്യം വേണ്ടതെല്ലാം അനായാസേന ലഭ്യമാകുകയും ചെയ്തു.
സർക്കാരിന് സാമ്പത്തിക പരാധീനതകൾ ഏറെയുണ്ടെങ്കിലും പ്രതിരോധ-ചികിത്സാ നടപടികൾക്കും, അവശ്യസാധനങ്ങളും ഭക്ഷണവും ഏറ്റവും ആവശ്യക്കാർക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾക്കും അവ തടസമായില്ല. സർക്കാരിന്റെ പ്രഖ്യാപനങ്ങൾ യഥാസമയം നിറവേറ്റാൻ ഉദ്യോഗസ്ഥ സംവിധാനവും ഉണർന്നു പ്രവർത്തിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്റെ ലക്ഷ്യബോധവും ഉദ്യോഗസ്ഥസംവിധാനത്തിന്റെ കാര്യക്ഷമതയും കൈകോർത്താൽ ഭരണത്തിൽ അദ്ഭുതങ്ങൾ കാണിക്കാൻ കഴിയും. ഈ പാരസ്പര്യത്തിന്റെ അഭാവം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നാമിന്നു കാണുന്നുണ്ടല്ലോ.
ദുർബലവിഭാഗക്കാരിലേയ്ക്കും അതിഥിത്തൊഴിലാളികളിലേക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവരിലേക്കും സർക്കാരിന്റെ കാരുണ്യഹസ്തം സമയോചിതമായി നീണ്ടു ചെന്നു. അന്യസംസ്ഥാന തൊഴിലാളികളെ എത്ര മാന്യതയോടെയാണ് നമ്മൾ പ്രത്യേക ട്രെയിനുകളിൽ യാത്രയാക്കിയത്! മറ്റു സംസ്ഥാനങ്ങളുടെ ശൈലിയിൽ നിന്ന് എത്ര അഭിമാനകരമായ ഉയരത്തിലാണ് കേരളത്തിന്റെ നിൽപ്പ്. തദ്ദേശസ്ഥാപനങ്ങൾ കാഴ്ചവച്ച ക്ഷേമ- പ്രതിരോധ നടപടികളും കേരളത്തിന് അഭിമാനമായി. ഈ പരിരക്ഷയും കരുതലും ഇത്ര സുതാര്യമായും ഫലപ്രദമായും നടപ്പിലാക്കപ്പെടാതെ പോയിരുന്നുവെങ്കിൽ, കൊവിഡ് ബാധയേക്കാൾ കൊടിയ യാതനയ്ക്കും ദുരിതത്തിനും നമ്മൾ സാക്ഷികളായേനെ. അത് മനസിലാക്കാൻ കഴിഞ്ഞ മാനവികതയാണ് കേരള മോഡലിന്റെ കാതൽ. ഈ രോഗവ്യാപനത്തെ തീർച്ചയായും നമ്മൾ അതിജീവിക്കും. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പഴങ്കഥയാവുകയും പരിചിത ജീവിതതാളം തിരികെ വരികയും ചെയ്യും. കൊറോണക്കാലം നമുക്ക് പരിചിതമാക്കിത്തന്ന ഭരണനിർവഹണശൈലിയും തത്സമയ പ്രതികരണ ശേഷിയും സാമൂഹ്യ മനോഭാവങ്ങളും ജാഗ്രതയും കരുതലും ശുഷ്കാന്തിയും, അപ്പോൾ നമ്മൾ മറന്നുപോകുമോ?
അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയുടെ നാളുകളാണ് ലോകത്തെ (നമ്മളെയും) കാത്തിരിക്കുന്നതെന്ന് സംശയമില്ല. ആസന്നമായ ആ സാമ്പത്തികത്തകർച്ച മറ്റേതൊരു സംസ്ഥാനത്തെക്കാളും സാരമായി ബാധിക്കുന്നതു കേരളത്തെയായിരിക്കും. ഈ ആഘാത്തിൽ നിന്ന് ആർക്കും ഒളിച്ചോടാനാവില്ല. സമ്പന്നരെയും സ്ഥിരവരുമാനക്കാരെയും തൊഴിലാളികളെയും കർഷകരെയും വൻകിട-ചെറുകിട കച്ചവടക്കാരെയും സാധാരണ ജനങ്ങളെയും ഇത് ബാധിക്കും; ഒരേ സാന്ദ്രതയിലല്ലെങ്കിലും. ഉൽപ്പാദന മേഖലയിലെ മാന്ദ്യം, നികുതി - നികുതിയിതര വരുമാനത്തിലെ കുറവ്, വിദേശമലയാളികൾ നാട്ടിലേക്കയച്ചുകൊണ്ടിരുന്ന പണത്തിൽ വരുന്ന ഇടിവ്,
പ്രവാസികളുടെ മടക്കം, തൊഴിൽ നഷ്ടം, വ്യാപാരമേഖലയിലെ നഷ്ടങ്ങൾ, കാർഷിക പ്രതിസന്ധി എന്നിങ്ങനെ ഒട്ടനവധി ഭവിഷ്യത്തുകളാണ് സർക്കാരിനെയും സമൂഹത്തെയും കാത്തിരിക്കുന്നത്. സാമ്പത്തിക ഞെരുക്കം ഉണ്ടാകുമ്പോൾ തീർച്ചയായും സർക്കാരിന് മുൻഗണനകൾ പുനഃക്രമീകരിക്കേണ്ടി വരും. വിഭവദൗർലഭ്യം രൂക്ഷമാവുമ്പോൾ കയ്യൂക്കുള്ളവൻ കാര്യക്കാരനാവാതിരിക്കണമെങ്കിൽ ഇപ്പോൾ നാം കാണിച്ച സാമൂഹ്യപ്രതിബദ്ധതയും കാര്യക്ഷമതയും വരുംനാളുകളിൽ ഭരണ നിർവഹണത്തിന്റ മുദ്ര ആകേണ്ടി വരും.
പണത്തിന്റെ ലഭ്യത കുറയുകയും ഏറ്റവും ആവശ്യമായ പ്രവർത്തനങ്ങൾ മാത്രം ഏറ്റെടുക്കകയും ചെയ്യേണ്ടി വരുമ്പോൾ, ഭരണ നിർവഹണം കാര്യക്ഷമമായില്ലെങ്കിൽ അർഹതപ്പെട്ടവർക്കും ദുർബലമനുഷ്യർക്കും വികസനത്തിന്റെയും ക്ഷേമത്തിന്റെയും നീതിയുടെയും കനികൾ ദുഷ്പ്രാപ്യമായിത്തീരും. ബുദ്ധിമുട്ടുകളും ഇല്ലായ്മകളും നേരിടാനുള്ള തയ്യാറെടുപ്പും കഴിവ് ഇല്ലാത്തവരെയും സാമ്പത്തിക- സാമൂഹ്യ പ്രതിരോധശേഷി കുറഞ്ഞവരെയും മറക്കുന്നില്ലെന്ന് തുടർപ്രവർത്തന ഘട്ടത്തിലും നമുക്ക് ഉറപ്പു വരുത്തണം. ശബ്ദമില്ലാത്തവരുടെ ആവശ്യങ്ങൾ അധികാരത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ആറാട്ടിൽ അദൃശ്യമായിപ്പോകുമെങ്കിൽ അതൊരു ദുരന്തമായിരിക്കും. വാക്കും പ്രവൃത്തിയും തമ്മിൽ വിടവില്ലാത്ത ഭരണശൈലി രോഗാനന്തരകാലത്തും തുടരാൻ നമുക്ക് ബാദ്ധ്യതയുണ്ട്.
രോഗാനന്തര പുനരുജ്ജീവനത്തിന്റെയും കേരളമാതൃക കാഴ്ച വയ്ക്കാൻ നമുക്ക് കഴിയും. തൊഴിൽസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവങ്ങൾ വളർത്തിയെടുക്കേണ്ട കാലമാണിനി. കാലവിളംബം കൂടപ്പിറപ്പായിപ്പോയ ഔദ്യോഗിക നടപടിക്രമങ്ങളിലും പതിവുശീലങ്ങളിലും നിന്ന് എന്നേക്കുമായി സ്വാതന്ത്ര്യം നേടണം. സാധാരണപൗരന്റെ അവകാശങ്ങൾക്കു സർക്കാർ ഓഫീസുകളിൽ മാന്യതയും സ്വീകാര്യതയും വളരണം. സാമ്പത്തിക പുനരുജ്ജീവനം ത്വരിതപ്പെടുത്താൻ ഉദ്യോഗസ്ഥ സംവിധാനത്തിനും സർക്കാരിനും കൈവന്ന അവസരമാക്കി ഈ പ്രതിസന്ധിയെ നമുക്ക് മെരുക്കിയെടുക്കണം.