news

1. രാജ്യത്ത് ലോക്ക് ഡൗണ്‍ ഇനിയും നീട്ടിയേക്കും എന്ന് സൂചന. മുഖ്യമന്ത്രിമാരും ആയി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തു വരുന്നത്. രാജ്യത്ത് അടച്ചിടല്‍ തീവ്രമേഖലയില്‍ മാത്രമെന്നും ജില്ലാ അടിസ്ഥാനത്തില്‍ ഇനി ലോക്ഡൗണ്‍ വരില്ലെന്നും ആണ് വിവരം. മുഖ്യ മന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും അഭിപ്രായം പ്രധാനമന്ത്രി തേടി. ഇളവുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. ഏതൊക്കെ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ മൂന്നു ദിവസത്തിനകം അറിയിക്കണം എന്ന് മുഖ്യ മന്ത്രിമാരുമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കൊവിഡിന് ശേഷം രാജ്യത്ത് പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
2. വിദ്യാഭ്യാസ മേഖലയില്‍ ബദല്‍ മാര്‍ഗങ്ങള്‍ പരീക്ഷിക്കണം. സ്‌കൂള്‍, കോളജ് അധ്യയനത്തിന് ഓണ്‍ലൈനിന്റെ സാധ്യത കൂടുതല്‍ പ്രയോജന പെടുത്തണം. സമ്പദ്ഘടന ശ്കതിപ്പെടുത്താന്‍ നടപടിയുണ്ടാകും. ദീര്‍ഘദൂര ട്രെയിന്‍ നിയന്ത്രിതമായി മാത്രം സര്‍വീസ് നടത്തും. പാസഞ്ചര്‍, ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കില്ല. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം ആയിരിക്കുന്ന പശ്ചാത്തലത്തില്‍ ആണ് ലോക്ഡൗണ്‍ തുടരാനുള്ള ധാരണ. ലോക്ഡൗണ്‍ നീട്ടണമെന്ന് മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, തെലങ്കാന, അസാം തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രം വിവേചനം കാണിക്കുക ആണെന്നും ഫെഡറല്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം എന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. സോണുകള്‍ അടക്കം നിര്‍ണയിക്കുന്നതിനും ഇളവുകള്‍ അനുവദിക്കുന്നതിനും കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.
3. 45 മിനിട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന സംവിധാനം കൂടുതല്‍ ഇടങ്ങളില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി 19 ഉപകരണങ്ങള്‍ കൂടി എത്തിക്കും. പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്നുള്ളവരും എത്തി തുടങ്ങിയതോടെ ആണ് തീരുമാനം. സ്വകാര്യ മേഖലയില്‍കൂടി ഈ പരിശോധന സംവിധാനത്തിന് അനുമതി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ക്ഷയരോഗ പരിശോധന നടത്തുന്ന രീതിയില്‍ ചിപ് അടിസ്ഥാനം ആക്കിയുള്ള പി.സി.ആര്‍ പരിശോധന ആണിത്. വളരെ വേഗം ഫലം കിട്ടുന്ന ഉപകരണത്തില്‍ ഒരു സമയം 4 സാമ്പിളുകള്‍ പരിശോധിക്കാം. വലിയ തരത്തിലുള്ള ബയോ സേഫ്റ്റി മാനദണ്ഡങ്ങള്‍ ഇല്ലാതെ തന്നെ ഈ പരിശോധന നടത്താന്‍ ആകും എന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉപകരണം എത്തിക്കാനാണ് തീരുമാനം. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന പരിശോധന ആയതിനാല്‍ അനുമതി കിട്ടിയാല്‍ പരിശോധനകള്‍ വേഗത്തില്‍ ആക്കാനാകും.


4. അതിനിടെ, വയനാട്ടില്‍ റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗം ആയിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം തുടങ്ങുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് വയോജനങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിനെ തടയുന്നതിന് ആയാണ് റിവേഴ്സ് ക്വാറന്റൈന്‍ സജ്ജമാക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ജില്ലാ ആരോഗ്യ വകുപ്പ്. 60 വയസിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞ എല്ലാ പ്രായത്തിലും ഉളളവര്‍, അനിയന്ത്രിതമായ പ്രമേഹ രോഗമുളളവര്‍, അടുത്തിടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ആണ് റിവേഴ്സ് ക്വാറന്റൈന്‍ നടപ്പിലാക്കുന്നത്.
5. കേരളത്തിന് 1276 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. റവന്യൂ നഷ്ടം നികത്താണ് ധനസഹായം എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സിതാരാമന്‍ അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് തുക അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് ആണ് കേന്ദ്രത്തിന്റെ ധനസഹായം. ആന്ധ്രാപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ധനസഹായം ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍. ആകെ 6,195.08 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ ഇത് സംസ്ഥാനങ്ങള്‍ അധികസഹായമായി നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു
6. അതേസമയം, വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ബെഹറിനില്‍ നിന്നും ദുബായില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി എത്തിയവര്‍ക്ക് ആണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. ബെഹ്റിനില്‍ നിന്നെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യ ഘട്ട പരിശോധനയില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് പേര്‍ക്കും രോഗലക്ഷണം കണ്ടെത്തി. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
7. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തി രണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 2,87,250 ആയി. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. 81,000ത്തില്‍ ഏറെ പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രിട്ടനില്‍ മരണം 32,065 ആയി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയില്‍ 30,739 പേരും സ്‌പെയിനില്‍ 26,740 പേരും മരിച്ചു. അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 14 ലക്ഷത്തിലേക്ക് എത്തുക ആണ്. റഷ്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം 2,20,000 കടന്നു. മരണം രണ്ടായിരം പിന്നിട്ടു. ബ്രിട്ടനില്‍ നിന്ന് വീണ്ടും പ്രതീക്ഷയുടെ കണക്കുകളാണ് വരുന്നത്. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി