man-truck

റായ്പൂർ: ലോക്ക് ഡൗൺ കാരണം രാജ്യമൊട്ടാകെ ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികളുടെ കഷ്ടതകൾ അവസാനിക്കുന്നില്ല. നേരായ ജോലിയോ ഭക്ഷണമോ ഇല്ലാതെ നാട്ടിലേക്ക് തിരികെ പോകുന്നതിന് അവർ സഹിക്കുന്ന കഷ്ടപ്പാടുകൾ തുറന്നുകാട്ടുന്ന 20 സെക്കന്റ് മാത്രമുള്ള പുതിയൊരു വീഡിയോ ട്വിറ്ററിൽ സജീവ ചർച്ചക്ക് വഴിമരുന്നിട്ടു.

തെലുങ്കാനയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ നാട്ടിലേക്കുള്ള പ്രയാണത്തിനിടെ ഛത്തീസ്ഗഢിലെത്തി. അവിടെ നിന്നും നാട്ടിലേക്ക് പോകാൻ ലഭിച്ച ചരക്ക് ലോറിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സംഘം കയറുകയാണ്. കൊച്ചുകുട്ടയെ ഒരു കൈയിലെടുത്ത് മുകളിൽ നിൽക്കുന്ന തൊഴിലാളിക്ക് നൽകുന്നത് കാണാം. സ്ത്രീകളും കയറിൽ തൂങ്ങിയും മറ്റും കഷ്ടപ്പെട്ട് വാഹനത്തിൽ കയറുകയാണ്.

'ജാർഖണ്ഡിലേക്ക് പോകേണ്ടതാണ് ഞങ്ങൾക്ക്. മറ്ര് വഴികളൊന്നുമില്ല.' കൂട്ടത്തിലെ മുതിർന്നയാൾ പറയുന്നു. നാട്ടിലേക്ക് ട്രെയിൻ ലഭിക്കുന്ന വിവരം തക്ക സമയത്ത് ആരും ഇവരെ അറിയിച്ചിരുന്നുമില്ല. ഇവർക്ക് സംസ്ഥാന സർക്കാരുകൾ യാത്രയ്ക്ക് ബസുകളും ഏർപ്പെടുത്തിയിരുന്നില്ല.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിൽ നാട്ടിലേക്കുള്ള യാത്രാമധ്യേ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ 20 അംഗ കുടിയേറ്റ തൊഴിലാളി സംഘത്തിലെ 16പേർ ചരക്ക് വണ്ടി തട്ടി മരിച്ചിരുന്നു. ഞായറാഴ്ച മദ്ധ്യപ്രദേശിൽ കുടിയേറ്ര തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു. ലോക്ക് ഡൗൺ കാലം ഇവർക്ക് ദുരിതകാലം തന്നെയാണ്.