ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്നു പറഞ്ഞാൽ അതൊരു പുതിയ വാർത്തയല്ല. എത്രയോ സിനിമകൾ ലാലിന്റെ സാന്നിദ്ധ്യം കൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഒരു സിനിമ കണ്ടിട്ട് മോഹൻലാൽ നന്നായി എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഈ ജന്മം നടനാവാൻ വേണ്ടി മാത്രം ജനിച്ചയാളാണ് മോഹൻലാൽ. കാമറയുടെ പിറകിൽ നിന്ന് ഒരുപാട് തമാശകൾ പറയുകയും ഷോട്ട് റെഡിയെന്ന് പറയുമ്പോൾ കൂടുവിട്ട് കൂടുമാറുന്ന പോലെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ അദ്ഭുത സിദ്ധി. ഒരു ഷോട്ട് കഴിഞ്ഞ് അടുത്തതിലേക്കുള്ള ഇടവേളയിൽ ആ കഥാപാത്രത്തിന്റെ ഫീൽ വിട്ടുപോകാതിരിക്കാൻ പല അഭിനേതാക്കളും ശ്രമിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ മോഹൻലാൽ അങ്ങനെയല്ല. ഒരു ഷോട്ട് കഴിഞ്ഞാൽ പിന്നെ തമാശകളും ലോകകാര്യങ്ങളുമൊക്കെ പറഞ്ഞിരിക്കും. അടുത്ത ഷോട്ടിൽ, മുമ്പ് അഭിനയിച്ചതിന്റെ തുടർച്ച അതിമനോഹരമായി അവതരിപ്പിക്കുകയും ചെയ്യും. അതു കാണുന്നവർക്ക് തോന്നും ലോകത്തിൽ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന്. അത്രയും അനായാസമാണ് ലാലിന്റെ ശൈലി.
എന്റെ ആദ്യ സിനിമയായ കുറുക്കന്റെ കല്യാണത്തിൽ, ലാൽ വളരെ ചെറിയൊരു വേഷത്തിൽ വന്നു പോകുന്നുണ്ട്. അധികം ആളുകൾ ശ്രദ്ധിച്ചിട്ടില്ല. കാരണം അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സുകുമാരൻ, മാധവി തുടങ്ങിയവരാണ്. ഒരു സീനിൽ ബഹദൂറിന്റെ മകളെ കല്യാണം കഴിച്ചു കൊണ്ടു പോകുന്ന വരന്റെ വേഷമായിരുന്നു ലാലിന്. ഞങ്ങൾ തമ്മിലുള്ള സൗഹൃദം പിന്നീട് വളരണം എന്നാഗ്രഹമുള്ളതുകൊണ്ട് ദൈവം എന്റെ ആദ്യത്തെ സിനിമയിൽ മോഹൻലാലിന്റെ ഒരു കൈയൊപ്പ് കൊണ്ടുവച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലെങ്കിൽ ലാൽ അങ്ങനെയൊരു ചെറിയ വേഷത്തിൽ അഭിനയിക്കേണ്ട കാര്യമില്ല. എന്റെ സിനിമാ യാത്രയിൽ അവിഭാജ്യഘടകമായി ലാൽ ഒപ്പം കൂടണമെന്ന് നിയോഗമുണ്ടാവാം.
'കുറുക്കന്റെ കല്യാണ" ത്തിന് ശേഷം മോഹൻലാൽ അഭിനയിച്ച എന്റെ ചിത്രം 'അപ്പുണ്ണി" യാണ്. അദ്ദേഹം വില്ലൻ വേഷങ്ങൾ അവതരിപ്പിക്കുന്ന സമയം. അപ്പോഴാണ് ഞാൻ വി.കെ എന്നിന്റെ അപ്പുണ്ണി സിനിമയാക്കാൻ തീരുമാനിക്കുന്നത്. അതിലും ഏതാണ്ട് പ്രതിനായക സ്ഥാനം തന്നെയായിരുന്നു ലാലിന്. നെടുമുടി വേണു അവതരിപ്പിക്കുന്ന അപ്പുണ്ണി എന്ന കഥാപാത്രം മേനകയുടെ അമ്മുവിനെ വിവാഹം ചെയ്യാനിരിക്കുകയാണ്. അവർക്കിടയിലേക്ക് വരുന്ന മേനോൻ മാഷിന്റെ വേഷത്തിലാണ് മോഹൻലാൽ അഭിനയിച്ചത്.
ആ സിനിമയിലൂടെയാണ് ലാലിന്റെ അനായാസമായ അഭിനയത്തിൽ ഞാനാദ്യം ആകൃഷ്ടനാകുന്നത്. ഷൂട്ടിംഗ് സമയത്ത് അതത്ര കാര്യമായി തോന്നിയില്ല. പക്ഷേ, ഡബ് ചെയ്യുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും മോഹൻലാൽ എന്ന നടന്റെ കൈവിരലുകൾ അടക്കം ശരീരം മുഴുവൻ അഭിനയിക്കുന്നത് ഞാൻ കണ്ടു. അന്നാണ് മലയാളത്തിന്റെ മഹാനായ നടനാകാൻ പോകുന്നയാളാണ് ഇതെന്ന് ആദ്യമായി തോന്നിയത്. പിന്നീട് തുടർച്ചയായി എത്രയോ സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. എന്റെ പതിനഞ്ച് സിനിമകളിൽ ലാൽ നായകനായി മാത്രം അഭിനയിച്ചു.
നടനെന്ന നിലയിൽ ഏറ്റവും കംഫർട്ടബിളാണ് മോഹൻലാലെന്ന് ഞാനെന്നും പറയാറുണ്ട്. അതിനൊക്കെ അപ്പുറം ഞങ്ങൾക്കിടയിൽ ഒരു സൗഹൃദമുണ്ട്. ഒരുമിച്ച് സിനിമകൾ ചെയ്താലും ഇല്ലെങ്കിലും ആ സൗഹൃദം നിലനിറുത്താൻ കഴിയുന്നത് വലിയ സന്തോഷമാണ്. എനിക്ക് എന്താണ് ഇഷ്ടമെന്നും ഏത് തമാശയാണ് ആസ്വദിക്കുന്നതെന്നും മുൻകൂട്ടി അറിയാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. നേരിട്ടും ഫോണിലൂടെയും നുണ പറഞ്ഞ് ഫലിപ്പിച്ചും പേരുമാറ്റി പറഞ്ഞും എന്നെ ഏറ്റവും കൂടുതൽ പറ്റിക്കുന്നയാൾ മോഹൻലാലാണ്. അത്തരം ഒരു കുറുമ്പ് എപ്പോഴും ലാലിന്റെ ഉള്ളിലുണ്ട്. ഒരു ഫോൺ വന്നാൽ മോഹൻലാൽ പറ്റിക്കാൻ വിളിക്കുകയാണോ എന്നാണ് ഞാനാദ്യം ആലോചിക്കുക. ഒരു സംഭവം പറയാം. പിണറായി വിജയൻ മന്ത്രിസഭ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാംസ്കാരിക രംഗത്തുള്ള വ്യക്തികളെ ക്ഷണിച്ചിരുന്നു. സത്യപ്രതിജ്ഞയോടടുത്ത ദിവസം എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. പരിചയമുള്ള ശബ്ദമാണ്.
''ഞാൻ പിണറായി വിജയനാണ്, സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാനായി വിളിച്ചതാണ്.""
ഇത് മോഹൻലാൽ പറ്റിക്കാൻ വിളിക്കുന്നതാണെന്ന് മനസിലായി. എങ്കിലും സംസാരത്തിന്റെ വടക്കൻ ശൈലി കേട്ടപ്പോൾ ഒരു സംശയം. ''വരാം സഖാവേ""... എന്നുപറഞ്ഞ് ഫോൺ വച്ച ശേഷം സംശയം തീർക്കാനായി ഞാൻ ലാലിനെ വിളിച്ചു. ലാൽ വ്യായാമം ചെയ്യുകയായിരുന്നു. ആ കിതപ്പെനിക്ക് കേൾക്കാം. ഞാൻ കാര്യം പറഞ്ഞു. ''അയ്യോ. തിരിച്ചൊന്നും പറയാതിരുന്നത് നന്നായി. അദ്ദേഹം എന്നെയും വിളിച്ചിരുന്നു.""ലാൽ പൊട്ടിച്ചിരിച്ചു. ചുരുക്കി പറഞ്ഞാൽ പിണറായി വിജയൻ നേരിട്ട് വിളിച്ചാൽ പോലും മോഹൻലാലാണോയെന്ന് സംശയിക്കുന്ന അവസ്ഥയാണ് എന്റേത്.
മോഹൻലാൽ കാരണം എന്റെ ഭാര്യയെയും മക്കളെയും കൂട്ടി അന്തിക്കാട്ടെ വീട്ടിൽ നിന്ന് തൃശൂരുള്ള ഫ്ളാറ്റിൽ പോയി താമസിക്കേണ്ടി വന്നൊരു സംഭവമുണ്ട്. വളരെക്കാലം മുമ്പാണ്. ഒരു ദിവസം വൈകുന്നേരം ലാൻഡ്ഫോണിലേക്ക് ഒരു കാൾ വന്നു. മറുതലയ്ക്കൽ ഒരാൾ കരഞ്ഞുകൊണ്ട് വിളിക്കുകയാണ്. മലബാറുകാരനാണെന്ന് സംസാരശൈലിയിൽ നിന്ന് വ്യക്തം.
''സാർ ഞാൻ ജബ്ബാറാണ്. സാറിനെ കാണാൻ വരുന്ന വഴിയാണ്. കുറേ ആളുകൾ എന്നെ ബസ് സ്റ്റാൻഡിൽ തടഞ്ഞു വച്ചു. ഞാൻ സാറിന്റെ പേര് പറഞ്ഞിട്ടും വിടുന്നില്ല. അവർ പൊലീസിനെ വിളിക്കാൻ പോകുകയാണ് സാർ."" എന്നൊക്കെ പറഞ്ഞ് ആകെ ബഹളം. ഏതോ പോക്കറ്റടിക്കാരൻ പിടിക്കപ്പെട്ടപ്പോൾ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയാണെന്ന് പേടിച്ച് ഫോൺ കട്ട് ചെയ്തു. രണ്ടാമതും വിളിവന്നു. ''സാർ രക്ഷിക്കണം. സാറിനെ കാണാനായി വന്ന എന്നെ തൃശൂർ ബസ് സ്റ്റാൻഡിൽ തടഞ്ഞു വച്ചിരിക്കുകയാണ്. എനിക്കിവിടെ വേറാരെയും പരിചയമില്ല.""
ഏതോ കള്ളൻ തടിതപ്പാനായി എന്റെ പേര് പറയുകയാണെന്ന് ഞാൻ ഉറപ്പിച്ചു. ഏതുനിമിഷവും അയാൾ പൊലീസിനെയും കൂട്ടി ഇങ്ങോട്ട് വന്നേക്കാം. ഞാൻ പെട്ടെന്ന് തന്നെ ഭാര്യയെയും മക്കളെയുമെല്ലാം വണ്ടിയിൽ കയറ്റി തൃശൂരുള്ള ഫ്ളാറ്റിലേക്ക് പോയി. ഒരു ദിവസം അവിടെ നിൽക്കാം. അങ്ങോട്ടാരും അന്വേഷിച്ച് വരില്ലല്ലോ. ഇക്കാര്യമൊന്നും ഭാര്യയോട് പറഞ്ഞില്ല. ഞങ്ങൾ വീക്കെൻഡുകളിൽ ഫ്ളാറ്റിൽ പോയി താമസിക്കുന്ന പതിവുമുണ്ട്. ഫ്ളാറ്റിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ പ്രിയദർശന്റെ ഫോൺ വന്നു.
''ഒരാൾ സഹായത്തിന് വിളിക്കുമ്പോൾ ഇങ്ങനെയാണോ കാണിക്കുന്നത്?"" എന്നൊരു ചോദ്യം. അപ്പോഴാണ് മോഹൻലാലും പ്രിയനും ശ്രീനിവാസനും മദ്രാസിൽ ഒന്നിച്ചിരുന്ന് എന്നെ പറ്റിക്കുകയായിരുന്നുവെന്നു മനസിലാക്കുന്നത്. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.
ഒരു ദിവസം ശ്രീനിവാസൻ മോഹൻലാലിനോട് തമിഴ് പറഞ്ഞ് തോൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 'പട്ടണപ്രവേശം" എന്ന സിനിമയുടെ എഡിറ്റിംഗ് മദ്രാസിൽ നടക്കുകയാണ്. എപ്പോഴും സിനിമയ്ക്ക് പേരിടുന്നത് വൈകുന്ന പതിവുള്ളതിനാൽ പട്ടണപ്രവേശത്തിനും അവസാനമാണ് പേരിട്ടത്. ആദ്യഭാഗം നാടോടിക്കാറ്റായതുകൊണ്ട് രണ്ടാം ഭാഗത്തിന്റെ പേര് പട്ടണപ്രവേശം ആയിക്കോട്ടെ എന്ന് കരുതി. അങ്ങനെയിരിക്കെ ഞങ്ങൾ താമസിക്കുന്ന ന്യൂവുഡ്ലാന്റ് ഹോട്ടലിലേക്ക് ഒരു ഫോൺ വന്നു. ശുദ്ധമായ തമിഴിലാണ് സംസാരം. പ്രശസ്ത തമിഴ് സംവിധായകൻ കെ. ബാലചന്ദറാണ്.
''പട്ടണപ്രവേശം എന്ന പേരിൽ ഞാനൊരു തമിഴ് സിനിമ ചെയ്തിട്ടുണ്ട്. അതെങ്ങനെ നിങ്ങൾ എന്റെ അനുവാദമില്ലാതെ ഉപയോഗിക്കുന്നു?""
തമിഴ് പറഞ്ഞ് ഒപ്പം നിൽക്കാൻ പറ്റാത്തതുകൊണ്ട് ''റൈറ്റർ ഇങ്കെ ഇരുക്ക്"" എന്ന് പറഞ്ഞ് ഞാൻ ഫോൺ ശ്രീനിവാസന് കൊടുത്തു. ശ്രീനിവാസൻ കെ. ബാലചന്ദറിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമം തുടങ്ങി.
''സാർ ഇത് ഉങ്കളുടെ കഥ അല്ല. ഇത് വന്ത് രണ്ട് സി.ഐ.ഡികൾ."" എന്നൊക്കെ അരമണിക്കൂർ കഥ പറഞ്ഞു. മൊത്തം കഴിഞ്ഞപ്പോൾ അപ്പുറത്ത് നിന്ന് പറയുന്നു.
''ശ്രീനി... ഞാൻ കെ. ബാലചന്ദറല്ല, മോഹൻലാലാണ്.""
ഈ വക കുസൃതികളും കുറുമ്പുകളും കൊണ്ടാണ് ലാൽ മനസ് കീഴടക്കുന്നത്. ഞാൻ പലപ്പോഴും പറയാറുണ്ട്, ''മോഹൻലാലിന് നാഷണൽ അവാർഡ് കിട്ടിയതിൽ അദ്ഭുതമില്ല. ഇത്രയും അടുപ്പമുള്ള നമ്മളെ പോലും പറ്റിക്കുന്നയാളല്ലേ."" അഭിനയം അത്രയ്ക്ക് ആ രക്തത്തിൽ കലർന്നിരിക്കുകയാണ്.
പ്രായവും പ്രശസ്തിയും എത്ര കൂടിയാലും മനസിൽ എപ്പോഴും കുട്ടിത്തം സൂക്ഷിക്കുന്നു എന്നതാണ് മോഹൻലാലിന്റെ പ്രത്യേകത. ആ മുഖം വെള്ളിത്തിരയിൽ കാണുമ്പോൾ നമുക്ക് വാത്സല്യം തോന്നുന്നതിനും കാരണമതാണ്. ഒരു പെർഫോമറെ സംബന്ധിച്ച് വലിയ അനുഗ്രഹമാണത്. നാഷണൽ അവാർഡ് കിട്ടിയ നടനാണ്, ഇത്രയേറെ ആരാധകരുണ്ട് എന്നൊന്നും തോന്നിപ്പിക്കാതെ, ഒരു സിനിമാ സെറ്റിന് ഒന്നാകെ ജീവൻ വയ്പ്പിക്കാൻ കഴിവുള്ളയാളാണ് അദ്ദേഹം. പക്ഷേ, ആക്ഷൻ പറഞ്ഞ് കാമറ ചലിച്ചുതുടങ്ങിയാൽ നമ്മുടെ മുന്നിൽ കഥാപാത്രത്തെ മാത്രമാണ് കാണാൻ കഴിയുക.
വരവേൽപ്പിലെ മുരളി, സന്മനസുള്ളവർക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണപ്പണിക്കർ, രസതന്ത്രത്തിലെ പ്രേമചന്ദ്രൻ തുടങ്ങി വേഷമേതായാലും നമ്മുടെ കൺമുന്നിൽ നിന്ന് മോഹൻലാൽ മാഞ്ഞുപോകുകയും കഥാപാത്രം മാത്രം നിലനിൽക്കുകയും ചെയ്യും. വരവേൽപ്പിലെ മുരളിയെ കാണുമ്പോൾ ഗൾഫിൽ നിന്ന് വന്ന് ഗതികിട്ടാതെ കറങ്ങിനടക്കുന്ന ഒരു ചെറുപ്പക്കാരനാണെന്നേ തോന്നൂ. കടിക്കാൻ വന്ന പട്ടിയിൽ നിന്ന് രക്ഷപ്പെട്ട് തെങ്ങിൽ കയറിയിരിക്കുന്ന സീനിലൂടെയാണ് ആ ചിത്രത്തിൽ നായകനായ മോഹൻലാലിനെ അവതരിപ്പിക്കുന്നത്. ഇതെല്ലാം ആളുകൾ സ്വീകരിച്ചത് ലാലിന്റെ അനായാസമായ അഭിനയം കൊണ്ടാണ്. അതൊരു ഇന്ദ്രജാലമാണ്. അങ്ങനെയെങ്കിൽ മോഹൻലാൽ അഭിനയത്തിലെ ഇന്ദ്രജാലക്കാരനാണ്.
(കടപ്പാട്: ഫ്ലാഷ് മൂവീസ് ഡെസ്ക്)