ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ വലിയ തോതിലുള്ള മടക്കമാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. കൊവിഡിന് മുമ്പു തന്നെ ഗൾഫിൽ നിന്നുള്ള മലയാളികളുടെ മടക്കം ആരംഭിച്ചിരുന്നു. ഗൾഫ് പതുക്കെ മങ്ങുകയാണ്. കൊവിഡിന് ശേഷം ഗൾഫ് രാജ്യങ്ങൾ സാമ്പത്തികമായി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. എഴുപതുകളിലെ എണ്ണ വ്യാപാരത്തിന്റെ വിസ്പോടനത്തിന് ശേഷം പല മലയാളികൾക്കും ഗൾഫ് രാജ്യങ്ങൾ ഒരു രണ്ടാംവീടായി മാറുകയായിരുന്നു. ഇന്നും അഞ്ചിലൊന്ന് മലയാളി കുടുംബത്തിലൊരാൾ ഗൾഫിലുണ്ടാകും.
ഗൾഫ് രാജ്യങ്ങളുടെ നിർമ്മിതിയിൽ ഗൾഫ് മലയാളികൾ വലിയ പങ്കാണ് വഹിച്ചത്. അതിനേക്കാൾ നിർണായകമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ അവരുടെ സ്വാധീനം.രണ്ട് ലക്ഷം കോടി രൂപയാണ് പ്രവാസികൾ എല്ലാവർഷവും നാട്ടിലേക്കയയ്ക്കുന്നത്. നമ്മൾ പ്രവാസികളെ ഒരു കറവപ്പശുവായി മാത്രമാണോ കണ്ടത്? അതോ അവരുടെ പുനരധിവാസത്തിൽ നമുക്ക് ആത്മാർത്ഥമായ നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ?ജനിച്ച മണ്ണിൽ വേണ്ട അവസരം കിട്ടുകയാണെങ്കിൽ ആരും പുറത്തേക്ക് പോകില്ല. അവർക്ക് തൊഴിലും സുഖമായി ജീവിക്കാനും വളരാനുമുളള ചുറ്റുപാടും ഉണ്ടാവണം. നമ്മൾ സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും മുന്നേറിയെങ്കിലും തൊഴിവലസരങ്ങളുണ്ടാക്കിക്കൊടുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. കൊവിഡ് ദുരന്തത്തിന് ശേഷം തൊഴിലന്വേഷകരുടെ പറുദീസ എന്ന നിലയിൽ നിന്ന് ഗൾഫ് വ്യതിചലിക്കുമെന്നുറപ്പാണ്. എങ്ങനെയാണ് ആയിരക്കണക്കിന് പ്രവാസികളെ നാം നമ്മുടെ കുടക്കീഴിലാക്കുന്നത്. അവരിൽ പ്രൊഫഷണലുകളുണ്ട്. വ്യവസായികളുണ്ട്. വ്യാപാരികളുണ്ട്. ആരോഗ്യപ്രവർത്തകരുണ്ട്. വിദഗ്ദ്ധരും വൈദഗ്ദ്ധ്യമില്ലാത്തവരുമായ തൊഴിലാളികളുണ്ട്.
ഒരേയൊരു പോംവഴി
കേരളത്തിലെ വ്യവസായ അന്തരീക്ഷം മാറ്റുക എന്നതുമാത്രമാണ് നമുക്ക് ചെയ്യാവുന്നത്. അതുമാത്രമാണ് ഇതിനുള്ള പരിഹാരവും. കേരളം നിക്ഷേപ സൗഹൃദമല്ല എന്നതാണ് യഥാർത്ഥ പ്രശ്നം. അങ്ങനെയല്ല എന്നു പറഞ്ഞതു കൊണ്ടുമാത്രമായില്ല. കേരളം മാറേണ്ടിയിരിക്കുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ നിന്നും ഒരു ഉല്പാദന സംസ്ഥാനമായി കേരളം മാറണം. സേവന മേഖലയിൽ അധിഷ്ഠിതമായ പദ്ധതികളുടെ ഐ.ടി അധിഷ്ഠിത വ്യവസായങ്ങളും കൂടുതലായി ആരംഭിക്കണം.
കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പുകക്കുഴൽ ഫാക്ടറികൾക്ക് സ്ഥാനമില്ല. എന്നാൽ കേരളത്തിന്റെ തനത് വിഭവങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിവർത്തനം ചെയ്ത് നമുക്ക് വ്യവസായവും വിപണിയും കണ്ടെത്താം.
കരിമണൽ
കരിമണൽ പോലുളള ധാതുലവണങ്ങളിൽ വേണ്ട മൂല്യവർദ്ധന വരുത്തിയാൽ നല്ല തൊഴിൽ സാദ്ധ്യതയുള്ള വ്യവസായങ്ങളാരംഭിക്കാം. നമ്മുടെ മത്സ്യ സമ്പത്ത് , വന സമ്പത്ത് , മറ്ര് പ്രകൃതിവിഭവങ്ങൾ എന്നിവയും മൂല്യ വർദ്ധനവിന് വിധേയമാക്കണം. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളായാൽ പോലും ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ മാത്രമേ മത്സരാധിഷ്ഠിത ലോകത്ത് പിടിച്ച് നിൽക്കാൻ പറ്രൂ. അതുപോലെ തന്നെയാണ് ഉത്പാദന ചെലവ് കുറയ്ക്കുന്നതും. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കുകയാണ് നാം ചെയ്യുന്നത്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ കുറേ നിയന്ത്രണങ്ങൾ വേണ്ടിവരും. വ്യവസായം നിലനിൽക്കാതെ തൊഴിലുണ്ടാവില്ലല്ലോ. പ്രവാസി നിക്ഷേപകർക്ക് പത്ത് വർഷത്തേക്ക് നികുതി ഒഴിവാക്കി ക്കൊടുക്കണം. ലോകം മുഴുവൻ ജോലി ചെയ്ത് പരിചയമുള്ള ആഗോള നിലവാരത്തിലുള്ള ഒരു തൊഴിൽ സേനയാണിത്. അവരുടെ ശക്തിയും ബുദ്ധിയും കഴിവും നൈപുണ്യവും അനുഭവവും നമ്മൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.ജോലി ചെയ്യാൻതാല്പര്യമുള്ളവർക്ക് ജോലി നൽകണം. പരിശീലനം വേണ്ടവർക്ക് വിദഗ്ദ്ധ പരിശീലനം തന്നെ നൽകണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങണം.പ്രവാസികൾക്കായി മാത്രമായി എംപ്ലോയ്മെന്റ് എക്സചേഞ്ച് എന്ന നിർദ്ദേശവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് പ്രവാസി മന്ത്രാലയം
സംരംഭകത്വത്തെയാണ് കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത്. സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്ക് അതിനുള്ള മാർഗനിർദ്ദേശവും വായ്പയും നൽകണം. വിപണി കണ്ടെത്താൻ സഹായിക്കണം. ഉത്പന്നത്തിന് വിപണി കണ്ടെത്തേണ്ടത് ആഗോളതലത്തിലും ആഭ്യന്തര വിപണിയിലുമാണ്. പ്രവാസികൾക്കായി ഉയരുന്ന നിർദ്ദേശങ്ങളെല്ലാം പാഴാകാതിരിക്കാനും പ്രവർത്തന പഥത്തിലെത്തിക്കാനും പ്രവാസികളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെ കണ്ട് നടപടികളെടുക്കാനും സംസ്ഥാനത്ത് പ്രവാസി മന്ത്രാലയം തുടങ്ങണം. ഇക്കാര്യങ്ങൾ ഗൗരവമായി കണ്ടില്ലെങ്കിൽ ഗൾഫിൽ നിന്ന് തൊഴിലാളികളുടെ മടക്കം സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും അതുവഴി ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും നമുക്ക് താങ്ങാനാവാത്തതാവും.
(ഡൽഹി കേന്ദ്രീകരിച്ച സംരംഭകനും മാർക്കറ്രിംഗ് വിദഗ്ദ്ധനുമാണ് ലേഖകൻ)