russia
RUSSIA

മോസ്കോ: തുടർച്ചയായി ദിവസങ്ങളിൽ പതിനായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്തതോടെ രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനേയും ഇറ്റലിയേയും പിന്തള്ളി റഷ്യ. കഴിഞ്ഞ 24 മണിക്കൂറിൽ 10,899 പേർക്കാണ് റഷ്യയിൽ പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,32,243 ആയെന്ന് റഷ്യൻ കൊവിഡ് വൈറസ് ദൗത്യ സംഘം അറിയിച്ചു. 107 പുതിയ മരണം കൂടി റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 2,116 ആയി. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്​ റഷ്യ. നിലവിൽ സ്​പെയിനും അമേരിക്കയുമാണ്​ റഷ്യയ്ക്ക്​ മുന്നിലുള്ളത്​. സ്​പെയിനിൽ 268,143 കേസുകളും അമേരിക്കയിൽ 1,385,834 കേസുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്​. തലസ്ഥാനമായ മോസ്‌കോയാണ് റഷ്യയിലെ കോവിഡി​ന്റെയും ആസ്ഥാനം. മോസ്‌കോയിൽ മാത്രം കൊവിഡ് രോഗികൾ ഒന്നേകാൽ ലക്ഷം കടന്നിട്ടുണ്ട്. അതേസമയം, ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണം പിടിച്ചുനിറുത്തി ആഗോളശ്രദ്ധ നേടിയ രാജ്യമാണ് റഷ്യ. എന്നാൽ, തങ്ങൾ വ്യാപകമായി കൊവിഡ് പരിശോധനകൾ നടത്തുന്നതുകൊണ്ടാണ് രോഗം തിരിച്ചറിയുന്നതെന്നാണ് റഷ്യൻ അധികൃതരുടെ വാദം. ഇതുവരെ 56 ലക്ഷം കൊവിഡ് പരിശോധനകൾ നടന്നിട്ടുണ്ടെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ്​ പുടിൻ രാജ്യത്ത്​ മാർച്ച്​ അവസാനം പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്താനിരിക്കെയാണ് കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. മാസ്ക് നിർബന്ധമാക്കി ബ്രിട്ടൻ ലണ്ടൻ: കൊവിഡ്​ മരണ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ നിലപാട്​ മാറ്റവുമായി ബ്രിട്ടീഷ് സർക്കാർ. ഇനി മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ്​ ജനങ്ങൾക്ക്​ നൽകിയ പുതിയ നിർദേശം. ഷോപ്പുകളിലും ബസ്‌, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുമ്പോഴും മാസ്ക് ഉപയോഗിക്കണം. സ്കോട്ട്ലാൻഡിലും നോർത്തേൺ അയർലണ്ടിലും സർക്കാറുകൾ മുമ്പ് സമാനമായ നിർദേശം നൽകിയിരുന്നു. വസ്​ത്രങ്ങൾ എല്ലാ ദിവസവും വൃത്തിയായി കഴുകിയിടണമെന്നും നിർദേശമുണ്ട്​. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 222,060 ഉം മരണനിരക്ക് 32,065 ഉം കടന്നിട്ടുണ്ട്. അതിനിടെ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് സർ കീർ സ്റ്റാർമർ രംഗത്ത്‌ വന്നു. യാതൊരു വ്യക്തതയുമില്ലാത്ത നിർദേശങ്ങളാണ് ജനങ്ങൾക്ക്‌ സർക്കാർ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.