covid
COVID

 ലോകത്താകെ മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു.

 രോഗബാധിതർ 42 ലക്ഷം കവിഞ്ഞു.

 ഭേദമായവർ 15 ലക്ഷം കടന്നു.

വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡിന് ശമനമാകുമ്പോൾ, റഷ്യയും ബ്രസീലും അടക്കമുള്ളവ പുതിയ ഹോട്ട്സ്പോട്ടുകളായി രൂപാന്തരം പ്രാപിക്കുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും വ്യാപനത്തിന് ഇതുവരെ ശമനം കൈവന്നിട്ടുമില്ല.

ഇന്നലെ മാത്രം 451 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. 28 പേർ മരിച്ചു. ആകെ മരണം, 11000ഉം രോഗികൾ 160000ഉം കവിഞ്ഞു. ആമസോൺ കാടുകളിൽ വസിക്കുന്ന തദ്ദേശീയ ജനതയ്ക്കിടയിൽ രോഗം പടരാതിരിക്കാനായി ഭരണകൂടം സേനയെ വിന്യസിച്ചിട്ടുണ്ട്. വനനശീകരണം തടയുന്നതിനൊപ്പം പുറത്ത് നിന്നുള്ളവർ അവിടേക്ക് നുഴഞ്ഞു കയറുന്നത് നിയന്ത്രിക്കുന്നതും സേനയുടെ ദൗത്യമാണ്.

റഷ്യയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന മരണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 100ലധികം പേർ മരിച്ചു. ദിനവും പതിനായിരങ്ങൾക്കാണ് രോഗം പിടിപെടുന്നത്. ആകെ മരണം 2000 ഉം രോഗികൾ രണ്ട് ലക്ഷവും കവിഞ്ഞു.

അമേരിക്കയിലും റഷ്യയിലും സ്ഥിതി വിഭിന്നമല്ല. അമേരിക്കയിൽ മരണം 81000ഉം രോഗികൾ 13 ലക്ഷവും കടന്നു. കൊവിഡിനെ രാജ്യം കീഴ്പ്പെടുത്തിയെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോഴും പറയുന്നത്. രാജ്യത്ത് ഇപ്പോൾ രോഗവ്യാപനം കുറഞ്ഞെന്നും ഇതുവരെ പത്ത് ദശലക്ഷം പരിശോധനകൾ നടത്തിയെന്നും ട്രംപ് അവകാശപ്പെടുന്നു.

ബ്രിട്ടനിൽ കർശനോപാധികളോടെ ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. രാജ്യത്ത് മരണം 32000 കവിഞ്ഞു. പ്രതിദിന മരണം 600ലേറെയാണ്. രോഗികൾ 22 ലക്ഷം കടന്നു.ബിസിനസുകൾ പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അവലംബിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു.

ചൈനയിൽ പ്രാദേശിക വ്യാപനം ആരംഭിച്ചെന്ന റിപ്പോർട്ടുകൾ ഉയരുന്നതിനിടെ കൊവിഡ് പ്രതിരോധ - നിയന്ത്രണങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. രാജ്യത്ത് ഇന്ന് പുതുതായി ഒരു കേസ് റിപ്പോർട്ട് ചെയ്തു.

15 മുതൽ സ്പെയിനിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും രണ്ട് ആഴ്ച ക്വാറന്റൈനിൽ കഴിയണം.

സിംഗപ്പൂരിൽ ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 884 കേസുകൾ. ആകെ രോഗികൾ 22000 കവിഞ്ഞു.

ദക്ഷിണ കൊറിയയിൽ 24 പുതിയ കേസുകൾ.

ഇറാനിൽ റംസാൻ മാസം പ്രമാണിച്ച് ഇന്നലെ മുതൽ പള്ളികൾ താത്ക്കാലികമായി തുറന്നു.