
തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) ജോലിക്കാർക്ക് ശമ്പളം നൽകാനും, ദൈനംദിന ചെലവുകൾ നടത്താനും മതിയായ പണമില്ലാതെ കഷ്ടപ്പെടുന്നതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗൺ സമയത്ത് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് നഷ്ടമായത്.
ലോക്ക് ഡൗൺ സമയത്ത് ട്രസ്റ്റ് ഇതിനോടകം 300 കോടി രൂപയോളം ശമ്പളം, പെൻഷൻ, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ചിലവഴിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സ്വർണ്ണ ശേഖരം, 14,000 കോടി രൂപ സ്ഥിര നിക്ഷേപം എന്നിവ തൊടാതെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ ആലോചിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിൽ പൊതു ജനങ്ങൾക്ക് പ്രവേശനം വിലക്കിയിട്ട് 50 ദിവസത്തോളമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എപ്പോൾ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും വ്യക്തമല്ല. അതിനാൽത്തന്നെ വരുമാനത്തിൽ വൻകുറവാണ് വന്നിരിക്കുന്നത്.