വീരപുത്രനായ അഭിമന്യുവിന്റെ പൂർവജന്മത്തെപ്പറ്റി ഭാരതത്തിൽ ഒരു കഥയുണ്ട്. ദുഷ്ടനിഗ്രഹത്തിനായി നടന്നൊരാലോചനയിൽ ചന്ദ്രൻ ഇങ്ങനെ പറഞ്ഞുവത്രേ: ഞാൻ പ്രാണനേക്കാൾ സ്നേഹിക്കുന്ന വർചസിനെ ഭൂമിയിലേക്ക് അയയ്ക്കുവാൻ എനിക്കിഷ്ടമല്ല. എന്നാൽ സദ്കർമ്മത്തിന് തടസമാകാൻ പാടില്ല. അർജുനന്റെ പുത്രനായി അവൻ ജനിക്കട്ടെ... എന്നാൽ പതിനാറുവർഷത്തിലധികം പിരിഞ്ഞിരിക്കാൻ എനിക്ക് ശക്തിയില്ല. ചക്രവ്യൂഹത്തിൽ പ്രവേശിച്ച് മരിയ്ക്കുകയും എന്റെ അടുക്കൽ തിരിച്ചുവരുകയും ചെയ്യും. അതൊരു കരാറായിരുന്നു. കാലത്തിന്റെ കരാർ. നേത്രവിഭ്രമം കൊണ്ട് കണ്ണുപെടുന്ന ചില കലാകാരന്മാരുടെ ജീവിതവും ഏതാണ്ടിങ്ങനെയാണ്.
പ്രണയം ഒരു വലിയ നുണയാണ്. എന്നാലത്, ജീവിതത്തിന് പകരുന്ന പ്രകാശം അത്ഭുതമാണ് എന്ന് എഴുതുമ്പോൾ പത്മരാജൻ എന്ന പ്രതിഭയുടെ കല മഴയായും പാലപ്പൂവായും മുന്തിരിത്തോട്ടമായും മാസ്മരികമായ മന്ത്രങ്ങൾ ഉരുവിടുന്ന മിത്തായും മനസിൽ ഗാനങ്ങൾ പെയ്യിക്കുകയാണ്. അത് പുതിയ ഒരു കാഴ്ചയായിരിക്കുകയില്ല പത്മരാജൻ എന്ന മായാവിയെ പാടിയും പറഞ്ഞും പഴകിയതാണ് മലയാള സിനിമാസാഹിത്യത്തിലെ ഏറിയ എഴുത്തുകാരും വായനക്കാരും ആസ്വാദകരും ആരാധകരുമെല്ലാം. പത്മരാജൻ എന്ന വിഷയത്തിലൂടെ ആരും പ്രവേശിക്കാത്ത ലോകത്തേയ്ക്ക് എത്തുകയും എളുപ്പമല്ല.
സദാചാരചുറ്റുപാടിൽ ജീവിയ്ക്കാൻ പറ്റില്ലെന്ന് പറയുമ്പോൾ തന്നെ ആ ആൾ പ്രത്യയശാസ്ത്രങ്ങളെ എതിർത്തില്ല. മോറൽ പോലീസിനെ വെല്ലുവിളിയ്ക്കുന്ന ഒച്ച കേൾപ്പിക്കാതെ ആഗ്രഹിച്ച മതിൽക്കെട്ടുകൾ ചാടി രസിച്ചു. പകൽമാന്യൻമാരെ പറ്റിയ്ക്കാൻ പറ്റുന്നതിന്റെ സുഖം വിജയമാക്കിയപ്പോൾ രതിയ്ക്കുമപ്പുറം പ്രണയത്തിന് വളരാൻ കഴിയുമെന്ന് പറഞ്ഞുറപ്പിച്ചു. ഗന്ധർവന്റെ ദൈവം അങ്ങനെ മനുഷ്യന്റെയും ദൈവമായി.
ഫ്യൂഡൽ അവസ്ഥകളെ നെഗറ്റീവായ രീതിയിൽ ശല്യമാക്കാതിരുന്നപ്പോൾ മനുഷ്യന്റെ മനസിനെ കറുകറുത്ത കുടിലുകൾ പൊളിച്ചുകളഞ്ഞു. വിധേയനാകാൻ കഴിയില്ലെന്ന് ഘോരഘോരം പ്രസംഗിയ്ക്കുമ്പോൾ വിനീതനായി ഒതുങ്ങിവന്നു. ഉത്തമജീവിതത്തിന്റെ പരിഛേദമായപ്പോൾ പ്രണയത്തിനും രതിയ്ക്കുമപ്പുറം പച്ചയായ ജീവിതത്തിന്റെ രാവണ്ടി ഓടിച്ച് പകലുകളിലേക്ക് കയറിപ്പോയി. ജീവിതത്തിന്റെ പരുപരുക്കൻ വശങ്ങളെ മൂടിവച്ചു നിറങ്ങൾ കൊണ്ട് മഞ്ഞളിപ്പിയ്ക്കാത്ത സൗന്ദര്യമുള്ള അസംസ്കൃതാവസ്ഥയിലേക്ക് കൊണ്ടുനടന്നു.
ധനികന്റെയും ദരിദ്രന്റെയും മനസിന്റെ 'റോ" ആയ ക്രൂരതയെയും രതിയെയും ഒരേസമയം പ്രമേയമാക്കി...
ഈ സൂക്ഷ്മമായ മിശ്രിതത്തിൽ നിന്ന് പൊതുപ്രമേയങ്ങളെ പൂർണമായും എടുത്തുകളഞ്ഞു. ബഹുമുഖ ധീരന് എം.ടി. വാസുദേവൻ നായർ മാത്രം നിറഞ്ഞുനിന്ന ലോകമായിരുന്നു അഭ്രപാളിയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ഓരോ ചലച്ചിത്രവും നവംനവമായി തോന്നിപ്പിക്കുന്ന ബുദ്ധിയും ജന്മവാസനയിലെ കലയുടെ ഉന്മാദവും കഥയെഴുത്തിന്റെ നൈസർഗിക ശോഭയും പ്രതിഫലിച്ചു തിളങ്ങിവന്നു വർഷാവർഷങ്ങളിൽ പത്മരാജനിലൂടെ...
അത് മലയാളിയുടെ അടക്കിവച്ച ശബ്ദത്തിന് എതിരായി പുറപ്പെടുവിച്ച ശബ്ദമായിരുന്നു.
ആ മാറ്റൊലിയിൽ വന്ന കഥാപാത്രങ്ങൾ പത്മരാജന്റെ മനസിൽ ഗുരുവായി കണ്ട ഒ.വി. വിജയന്റെ രവിയുടെ വഴികളിലെ ഛായകൾ കാട്ടി, മലയാള മനസിൽ തീനാമ്പുകളായി മാറി. പിന്നീട് മായികവും മദാലസവുമായ നടനവൈഭവത്തിലൂടെ നമ്മോട് നിത്യം കണ്ടു മിണ്ടുന്ന സുഭാഷിണിയായി. അവൾ അഞ്ചിന്ദ്രിയങ്ങളിൽ ചെന്ന് മലയാളസിനിമയെ മുട്ടിവിളിച്ചു. അന്യമനസിന്റെ മനോഗതിയറിയുന്ന തൂലികയാണ്, ആത്മസ്പർശമുള്ള നന്മയാണ് എഴുത്തുകാരനെ നിർമ്മിക്കുന്നത്. അത് നിരീക്ഷണത്തിന്റെയും കൂടി അനുഗ്രഹമാണ്. ഒന്നും ആദ്യം സമ്മതിച്ചുകൊടുക്കില്ലെന്ന മട്ടിൽ ചുണ്ടുകോട്ടി കാട്ടുന്ന മലയാളിയെ സമ്മതിപ്പിച്ചെടുക്കുന്നവണ്ണം ചലച്ചിത്രകർമ്മങ്ങൾ നിർവഹിക്കാൻ കഴിഞ്ഞ കൗശലക്കാരന്റെ ജാലം കൂടി വെളിപ്പെടുത്തുന്ന സംഭാഷണങ്ങൾ രണ്ടായിരത്തി ഇരുപതിലും ആവർത്തിക്കപ്പെടുകയാണ്. ഇവിടെ കഥകൾ മാത്രമല്ല, കഥാകാരനും കാലാതിവർത്തിയാവുകയാണ്. ജന്മനാടിന്റെ പോലും ആദരവും പ്രശംസയും വാർദ്ധക്യത്തിന്റെ അന്ത്യത്തിൽ മാത്രം വച്ചുനീട്ടുന്ന ദുരഭിമാനിയായ മലയാളികളെക്കൊണ്ട് എഴുത്തു വ്യക്തിത്വത്തിന്റെ വെളിച്ചത്തിൽ അഭിവാദ്യം ചെയ്യിപ്പിച്ചെടുത്തു. ആ നമസ്കാരം പുതിയ തലമുറയും ഏറ്റെടുത്തു. പത്മരാജൻ എന്ന നാമം ചലിക്കുന്ന ശബ്ദവും ധാരവും ആയിമാറി. സിനിമാപ്രേമികളായവർ അത് പഠനവിഷയങ്ങളാക്കി. അവർ, ആവർത്തിച്ചാവർത്തിച്ച് കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുന്നു പത്മരാജനെ. എഴുത്തിൽ നവലോകം പലപ്പോഴും നട്ടംതിരിയുന്ന ദുരവസ്ഥയിൽ ആ വിദ്യയും ചാതുരിയും പത്മരാജൻ എന്ന ചലച്ചിത്രാന്വേഷിയ്ക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു...
ക്ലാരയും ജയകൃഷ്ണനും സോളമനും സോഫിയും ഭാമയും മീരയും മായയും ഗന്ധർവനും ഫയൽമാനും ഹരികൃഷ്ണനും രാമനും മാത്രമല്ല, ഉള്ളിലെ ഊഞ്ഞാലിൽ തൂങ്ങിയാടിയത്. അന്ന് രഹസ്യമായും ഇന്ന് പരസ്യമായും രതിച്ചേച്ചി ആസ്വാദനത്തിന്റെ മൂർച്ഛയിൽ അരപ്പട്ടകെട്ടി കുതിച്ചുചാടി. പ്രഭാകരൻപിള്ളയും മാളുവമ്മയും വിറപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തപ്പോൾ അമാനുഷികശക്തിയുടെ ആവേശംമൂലം സ്വയം മറന്നുനിന്ന ദൈവത്തിന്റെ അടിമയെ നമ്മൾ ഗൂഢമായും ഗാഢമായും ചേർത്തുനിർത്തി. പത്മരാജന്റെ കഥകളിൽ കണ്ട് നമ്മൾ ക്ഷോഭിച്ചു, നെടുവീർപ്പിട്ടു. വിങ്ങുകയും കിതപ്പോടെ തുറിച്ചിരിക്കുകയും ലജ്ജയില്ലാതെ അഭിരമിക്കുകയും ചെയ്തു. ഏതൊരു അഭിസാരികയും ആഗ്രഹിക്കുന്ന അർദ്ധരാത്രിയിൽ തിരമാലക്കൈ അടിച്ചുലയ്ക്കുന്ന കാതിലയ്ക്ക് അയാൾ ചോദിച്ചു: ആ ചോദ്യവും മറുചോദ്യവും തിരമാലയുടെ ആഘാതത്തിൽ ഞെട്ടിയുലഞ്ഞു. പുറത്തുകാട്ടാത്ത ഒരു പകപ്പ്!
കടപസദാചാരികളെ പോർ വിളിയോടെ പെരുവഴിയിൽ ഇറക്കിനിർത്തി ദുർബലരാക്കിയപ്പോൾത്തന്നെ നാട്ടിൽ നാറാൻ പാടില്ല എന്നു വിശ്വസിക്കുന്ന പ്രമാണിയെയും ശുണ്ഠിക്കാരനെയും ഓട്ടക്കാശിനുപോലും കണക്കുകുറിക്കുന്നവനെയും പത്മരാജൻ പൊളിച്ചെഴുതി. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ കഥാപാത്രങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ചാറെടുത്തു. അതിലൂടെ നമ്മൾ ഒരാജാനുബാഹുവിന്റെ ഷണ്ഡത്വവും ലൈംഗീകാസൂയയും അറിഞ്ഞു. ബുദ്ധിയെ മയക്കുന്ന വശ്യമോഹിനികളുടെ ഊരുചുറ്റലിലൂടെ അപൂർവ കുതുകികളായി പറന്നപ്പോൾ ഓർമ്മ ഉണരാത്ത ഒരനാഥയുമായി തീർത്ഥയാത്ര നടത്തി. ആസക്തിയും ആർത്തിയും ആവിഷ്കരിക്കുന്ന പത്മരാജൻ സിനിമകളുടെ ചെറുപ്പം തന്നെയാണ് അതിന്റെ വിജയരഹസ്യവും. നിലാവുള്ള നിശബ്ദരാത്രിയുടെ തുടക്കംപോലെ നിഗൂഢമാണ് കാലത്തിന്റെ കണക്കെടുപ്പുകൾ. അത് കാണാത്ത മറയത്തിരുന്ന് 'ആന്റി ഹീറോ" ആയിമാറും. അകാലത്തിൽ കർമ്മങ്ങൾ പൂർത്തീകരിച്ചാൽ ആ റിബൽ ഒരു മഹാമാരിയായി മാറുകയും അത് നിഴലുപോലെ അനുഗമിക്കുകയും ചെയ്യും. പത്മരാജൻ മലയാളത്തിന്റെ യുവാവാണ്. ശബ്ദവും രൂപവും സുന്ദരമായി തുളുമ്പുന്ന വശ്യവും വന്യവുമായ തീക്ഷ്ണ സ്രോതസ്! അവകാശവാദങ്ങളുടെ പൊങ്ങച്ചം കാട്ടാത്ത യശസ്വി. ജ്വാലാമുഖനായ ഒരു സവ്യസാചി.