trump
TRUMP

വാഷിംഗ്ടൺ: വനിതാ മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിൽ ക്ഷുഭിതനായി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പതിവ് വാർത്താസമ്മേളനം നിറുത്തിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സി.ബി.എസ് റിപ്പോർട്ടർ വെയ്ജിയ ജിയാംഗിന്റെ ചോദ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.


കൊവിഡ് ബാധിച്ച് ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകുമ്പോൾ പരിശോധനകളിൽ അമേരിക്ക മറ്റു രാജ്യങ്ങളേക്കാൾ മുന്നിലാണെന്ന് പ്രസിഡന്റ് ആവർത്തിക്കുന്നതിൽ എന്താണ് കാര്യമെന്നും ഈ ആഗോള മത്സരമെന്തിനാണെന്നും വെയ്ജിയ ട്രംപിനോട് ചോദിച്ചു.
ചോദ്യം കേട്ട് കുപിതനായ ട്രംപ്, ലോകത്ത് എല്ലായിടത്തും മരണങ്ങളുണ്ടാകുന്നുണ്ടെന്നും ഈ ചോദ്യം നിങ്ങൾ എന്നോടല്ല ചൈനയോടാണ് ചോദിക്കേണ്ടതെന്നും മറുപടി നൽകി. ചൈനയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയ തനിയ്ക്കെതിരെയുള്ള വംശീയ പരാമർശമാണിതെന്നും എന്തുകൊണ്ടാണ് തന്നോട് പ്രത്യേകമായി ഇങ്ങനെ പറയുന്നതെന്നും അവർ ട്രംപിനോട് ചോദിച്ചു. മോശം ചോദ്യങ്ങൾ ചോദിക്കുന്ന ആരോടും തന്റെ മറുപടി ഇങ്ങനെയായിരിക്കുമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. വെയ്ജിയ ചോദ്യം തുടരുന്നതിനിടെ അവരെ ഒഴിവാക്കാൻ അടുത്ത റിപ്പോർട്ടറോട്, ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ടതും ട്രംപിന് കെണിയായി. പതിവായി തന്നോട് ഏറ്റുമുട്ടുന്ന സി.എൻ.എൻ റിപ്പോർട്ടർ കെയ്റ്റ്ലിൻ കോളിൻസാണ് അതെന്ന് മനസിലാക്കി ട്രംപ് അടുത്തയാളിലേക്ക് തിരിഞ്ഞു. ഒഴിവാക്കിയത് എന്തിനെന്ന ചോദ്യവുമായി കെയ്റ്റ്ലിൻ എത്തിയതോടെ എല്ലാവർക്കും നന്ദി പറഞ്ഞ് ട്രംപ് സ്ഥലം വിട്ടു. വാർത്താ സമ്മേളനം പകുതിക്ക് വച്ച് എന്തിനാണ് നിറുത്തുന്നതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനെ ട്രംപ് ഗൗനിച്ചില്ല.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ട്രംപ് പലപ്പോഴായി പ്രകടിപ്പിച്ച ഏഷ്യൻ വംശീയ അധിക്ഷേപത്തെ സൂചിപ്പിച്ച് തന്നെയായിരുന്നു വെയ്ജിയയുടെ ചോദ്യമെന്നാണ് സൂചന.

വെയ്ജിയ്ക്ക് നേരെയുള്ള ട്രംപിന്റെ ആക്രോശം ഇതാദ്യമല്ല. കഴിഞ്ഞ മാസവും കൊവിഡുമായി ബന്ധപ്പെട്ട് തന്നോട് ചോദ്യങ്ങൾ ചോദിച്ച ഇവരോട് ട്രംപ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ചോദ്യത്തെക്കാളുപരി ഇവരുടെ വംശീയതയാണ് ഇവിടെ പ്രശ്നമാകുന്നതെന്നാണ് വിമർശകരുടെ ആരോപണം. ഇതിനിടെ ട്വിറ്ററിൽ വെയ്ജിയയ്ക്ക് അനുകൂലമായി #StandWithWeijiaJiang എന്ന ഹാഷ്ടാഗും വൈറലായിട്ടുണ്ട്.