ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രാലയം രൂപീകരിക്കുന്ന അസറ്ര് റീകൺസ്‌ട്രക്ഷൻ കമ്പനി (എ.ആർ.സി) അഥവാ 'നിഷ്‌ക്രിയ ബാങ്ക്" ഉടൻ പ്രവർത്തനം തുടങ്ങിയേക്കും. ആദ്യഘട്ടത്തിൽ, 60,000 കോടി രൂപയുടെ കിട്ടാക്കടം ഏറ്റെടുത്തായിരിക്കും പ്രവർത്തനാരംഭം. ഇത്തരത്തിൽ ഏറ്റെടുക്കുന്ന കിട്ടാക്കടം, മൂല്യം നഷ്‌ടപ്പെടാതെ തിരിച്ചുപിടിക്കുകയാണ് എ.ആർ.സിയുടെ ദൗത്യം.
മൊത്തം 20,000 കോടി രൂപയായിരിക്കും നിഷ്‌ക്രിയ ബാങ്കിന്റെ മൂലധനമെന്നാണ് സൂചന. ഇതിന്റെ 50 ശതമാനം (10,000 കോടി രൂപ) കേന്ദ്രസർക്കാർ ഉടൻ നിക്ഷേപിക്കും. കാലപ്പഴക്കമുള്ളതും പുതിയതുമായ നിഷ്‌ക്രിയ ആസ്‌തികൾ (എൻ.പി.എ) അഥവാ കിട്ടാക്കടം എ.ആർ.സി ഏറ്റെടുക്കും. എ.ആർ.സിക്കൊപ്പം അസറ്റ് മാനേജ്‌മെന്റ് കമ്പനി (എ.എം.സി), ഓൾട്ടർനേറ്റീവ് ഇൻവെസ്‌റ്ര്‌മെന്റ് ഫണ്ട് (എ.ഐ.എഫ്) എന്നിവയ്ക്കും കേന്ദ്രം രൂപം നൽകും.
നിഷ്‌ക്രിയ ബാങ്ക് രൂപീകരണം സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം നിയോഗിച്ച ശശക്ത് പാനലിന്റെ ശുപാർശ പ്രകാരമാണിത്. എ.ആർ.സി ഏറ്റെടുക്കുന്ന, 500 കോടി രൂപയ്ക്കുമേൽ വരുന്ന നിഷ്‌ക്രിയ ആസ്‌തികൾ (ഏറ്റെടുക്കുന്ന കമ്പനികളുടെ മാനേജ്‌മെന്റുകളുടെ നിയന്ത്രണം ഉൾപ്പെടെ) നിയന്ത്രിക്കുക എ.എം.സിയായിരിക്കും. ഇതിനായി, പ്രൊഫഷണലുകളെ എ.എം.സിയിൽ നിയോഗിക്കും. കിട്ടാക്കടത്തിന് തുല്യമായി എ.ആർ.സി പുറത്തിറക്കുന്ന കടപ്പത്രങ്ങളിലേക്ക് ഫണ്ട് സമാഹരിച്ച്, നിക്ഷേപിക്കുകയാണ് എ.ഐ.എഫിന്റെ ചുമതല.
കിട്ടാക്കടം തിരികെപ്പിടിക്കുന്ന സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, മികച്ച മൂല്യം നേടിത്തരാൻ അവയ്ക്ക് കഴിയുന്നില്ലെന്ന് ബാങ്കുകൾ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിഷ്‌ക്രിയ ബാങ്ക് രൂപീകരിക്കുന്നത്. 2016ൽ തന്നെ ഇതിനുള്ള ചർച്ചകൾക്ക് കേന്ദ്രം തുടക്കമിട്ടിരുന്നു.
ലാഭം കക്കുന്ന കിട്ടാക്കടം
കിട്ടാക്കടം തുടച്ചുനീക്കി ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു.
ബാലൻസ് ഷീറ്രിൽ നിന്ന് കിട്ടാക്കടം 'റൈറ്ര് ഓഫ്" അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഇതിനായി ബാങ്കുകൾ ചെയ്യുന്നത്.
പകരം ലാഭത്തിൽ നിന്ന് തത്തുല്യതുക, ബാലൻസ് ഷീറ്രിലേക്ക് മാറ്റും (പ്രൊവിഷനിംഗ്).
പ്രൊവിഷനിംഗിന് കൂടുതൽ തുക വകയിരുത്തേണ്ടി വരുന്നത് ഒട്ടുമിക്ക ബാങ്കുകൾക്കും തിരിച്ചടിയായി.
ലാഭം കുറയുക മാത്രമല്ല, ചിലപ്പോൾ കനത്ത നഷ്‌ടവും ഉണ്ടാകുന്നു.
₹9 ലക്ഷം കോടി
കെയർ റേറ്രിംഗ്സിന്റെ റിപ്പോർട്ട് പ്രകാരം 2019 ഡിസംബറിൽ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം ഒമ്പതുലക്ഷം കോടി രൂപയാണ്. ഇതിൽ 7.2 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്.