ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,600 കോടിയുടെ തട്ടിപ്പ് നടത്തി നാടുവിട്ട രത്നവ്യാപാരി നീരവ് മോദിയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനാവശ്യപ്പെട്ടുള്ള കേസിൽ വിചാരണ ബ്രിട്ടനിൽ തുടങ്ങി. ഇന്ത്യൻ സർക്കാരിനു വേണ്ടി അന്വേഷണ ഏജൻസികളായ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നൽകിയ പരാതിയിലാണ് അഞ്ചുദിവസം നീളുന്ന വിചാരണ. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിൽ കഴിയുന്ന 49കാരനായ നീരവ് മോദി വിഡിയോ ലിങ്ക് വഴിയാണ് വിചാരണയിൽ പങ്കെടുത്തത്. കോടതിയെ ജയിലുമായി ഓൺലൈനിൽ ബന്ധിപ്പിക്കാൻ സമയമെടുത്തതിനാൽ വിചാരണ നടപടികൾ വൈകിയാണ് ആരംഭിച്ചത്.
അമ്മാവൻ മെഹുൽ ചോക്സിക്കൊപ്പം ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വൻതുക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി തുകയിൽ വലിയ പങ്കും കുടുംബക്കാരുടെ പേരിലേക്ക് മാറ്റിയും വ്യക്തിഗത ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തും തിരിമറി നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. 1873 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ അധികൃതർ 489.75 കോടിയുടെ മറ്റ് ആസ്തികളും പിടിച്ചെടുത്തിട്ടുണ്ട്. ഹോങ്കാേംഗ്, സ്വിറ്റ്സർലൻഡ്, യു.കെ, യു.എസ്.എ, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ആസ്തികളും കണ്ടുകെട്ടിയതിൽപെടും.