ബീജിംഗ്: കൊവിഡ് പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു കോടിയിലേറെ വരുന്ന ജനങ്ങൾക്ക് വീണ്ടും പരിശോധന നടത്തുമെന്ന് റിപ്പോർട്ട്. ആറ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. 36 ദിവസങ്ങൾക്കു ശേഷം ആദ്യമായാണ് വുഹാനിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
പുതിയ കേസുകളിൽ വിദേശത്ത് നിന്നെത്തിയവരില്ല. ഇതാണ് ആശങ്കയുണ്ടാക്കുന്നത്.
വൈറസിന്റെ ജനിതക രേഖ കണ്ടുപിടിക്കുന്ന ന്യൂക്ലിക്ക് ആസിഡ് പരിശോധനയാണ് വുഹാനിൽ നടത്തുന്നത്. കൊവിഡ് ബാധയുടെ ആദ്യഘട്ടത്തിൽ തന്നെ രോഗം ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഈ പരിശോധന സഹായിക്കും.
കൊവിഡ് വ്യാപനം വീണ്ടും എത്തിയത് മൂലം വുഹാൻ ഭരണകൂടത്തെ ചൈനീസ് സർക്കാർ ശക്തമായി വിമർശിച്ചിട്ടുണ്ട്. പുതിയ കേസുകൾ കണ്ടെത്തിയ ചാംഗ്കിംഗിലെ ചീഫ് ഓഫിസർ യാങ്ക് യുക്‌സിനെ തത്‌സ്ഥാനത്ത് നിന്നും നീക്കിയതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയും ഭീതിയിൽ
ദക്ഷിണ കൊറിയയിൽ കൊവിഡ് നിയന്ത്രണവിധേയമായിരിക്കെ വീണ്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏതു സമയത്തും വൈറസ് വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നതെന്ന് പ്രസിഡന്റ് മൂൺ ജേ ഇൻ പറഞ്ഞു.