തൃശൂർ: അമ്മയ്ക്കടുത്തെത്താൻ അച്ഛനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയുള്ള മകന്റെ ബൈക്ക് യാത്ര കയ്യോടെ പൊക്കി പൊലീസ്. മാതൃദിനത്തിൽ സഹപാഠികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ കണ്ടതോടെ പന്ത്രണ്ടുകാരന് അമ്മയെ കാണാനുള്ള ആഗ്രഹം വർദ്ധിച്ചു.
അസുഖം മൂലം കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയുടെ അമ്മ. തനിക്ക് അമ്മയെ കാണണമെന്നും, അമ്മയുണ്ടാക്കുന്ന ബർഗർ വേണമെന്നും കുട്ടി വാശി പിടിക്കുകയായിരുന്നു. ലോക്ക് ഡൗണാണ് പോകാൻ പറ്റില്ലെന്ന് പിതാവ് പറഞ്ഞെങ്കിലും കുട്ടി അടങ്ങിയില്ല. ഒടുവിൽ കുട്ടി അടുക്കളയിൽ നിന്ന് കത്തിയെടുത്തുകൊണ്ടുവന്ന് പിതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അച്ഛൻ മകനെയും കൊണ്ട് ബൈക്കിൽ യാത്രതിരിക്കുകയായിരുന്നു.
ജില്ലാ അതിർത്തിയിൽവച്ച് പൊലീസ് ഇവരെ പൊക്കുകയും ചെയ്തു. വിറച്ചുനിൽക്കുന്ന അച്ഛനോട് പൊലീസ് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തായത്. കത്തി മകന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ കാര്യങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ്, റോബിൻസൺ ക്രൂസോ തുടങ്ങിയ പുസ്തകങ്ങൾ വായിച്ച് സാരാംശം എഴുതി സ്റ്റേഷനിൽ കൊണ്ടുവന്നാൽ ബർഗർ വാങ്ങിത്തരാമെന്ന് വാക്ക് നൽകിയാണ് ഉദ്യോഗസ്ഥർ അച്ഛനെയും മകനെയും വിട്ടത്.