ന്യൂഡൽഹി:- അൻപത് കോടി യു.എസ്. ഡോളറിന് മുകളിൽ നിക്ഷേപവുമായി വരുന്ന കമ്പനികൾക്ക് പത്ത് വർഷത്തേക്ക് നികുതി അവധി നൽകാൻ ശുപാർശ ചെയ്ത് തൊഴിൽമന്ത്രാലയം. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മറികടക്കാനുള്ള വഴികളുടെ ഭാഗമായാണ് ഈ ആലോചന. ജൂൺ1 മുതൽ മൂന്ന് വർഷത്തിനകം പ്രവർത്തനം തുടങ്ങുന്ന പദ്ധതികൾക്കാണ് നികുതി അവധി നൽകാൻ ആലോചിക്കുന്നത്.
ധനമന്ത്രാലയം പരിശോധിച്ച ശേഷമാകും നികുതി അവധി നൽകും. മെഡിക്കൽ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപകരണങ്ങൾ, ഇലക്ട്രോണിക് എന്നിങ്ങനെയുള്ളവയുടെ നിർമ്മാണ മേഖലയിലാണ് ഇത് നടപ്പാകുക. പത്ത് കോടി അമേരിക്കൻ ഡോളറിന് മുകളിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്കും നാല് വർഷത്തേക്ക് നികുതി അവധി നൽകാൻ പദ്ധതിയുണ്ട്. ടെക്സ്റ്റൈൽ, സംസ്കരിച്ച ഭക്ഷണനിർമ്മാണം, ലെതർ, പാദരക്ഷകൾ ഇവയുടെ കമ്പനികൾക്കാണ് ഇത്തരത്തിൽ അവസരമുണ്ടാകുക.
ചൈന വിടുന്ന കമ്പനികൾക്ക് സ്ഥലം നൽകുന്നതും പുതിയ വ്യവസായ ശാലകൾക്ക് നികുതിയിളവും ഉൾപ്പടെ തകർന്ന വിപണിയെ കരകയറ്റാൻ നിരവധി ശ്രമങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. നാല് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ വിപണി തകർച്ചയിലേക്ക് നീങ്ങുന്ന രാജ്യത്തെ രക്ഷിക്കാനുള്ള തീവ്രമായ ആലോചനയിലാണ് കേന്ദ്ര സർക്കാർ. 12 കോടിയിലേറെ പേർക്ക് രാജ്യത്ത് ഏപ്രിൽ മാസത്തിൽ ജോലി നഷ്ടമായെന്നാണ് കണക്ക്.
നിലവിലെ സംവിധാനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ട അൻപതോളം വ്യാപാരവിഭാഗങ്ങളെയും തൊഴിൽ മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്.പരിശോധനാ ലാബുകൾ, ഗവേഷണ സ്ഥാപനങ്ങൾ ഇവയുടെ പരിഷ്കരണമാണ് പ്രധാനം.ടൂറിസം, ജ്വല്ലറി, ടെക്സ്റ്റൈൽസ്, സംസ്കരിച്ച ഭക്ഷണ നിർമ്മാണശാലകൾ ഇവയും വികസിപ്പിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.