covid-in-gulf
COVID IN GULF

അബുദാബി: ഗൾഫിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 24മണിക്കൂറിനിടെ 4,737പേരിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചു. 563 പേർ മരിച്ചു. സൗദി അറേബ്യ (41,014 - 255), ഖത്തർ (23,623 - 14), ബഹ്റൈൻ (5236 - 09), ഒമാൻ (3721 - 17), യുഎഇ( 1,9661- 203), കുവൈത്ത് ( 9286-65) എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ രോഗിബാധിതരുടെ എണ്ണവും മരണനിരക്കും.

കൊവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഖത്തർ എയർവേയ്സ് സൗജന്യ വിമാന ടിക്കറ്റുകൾ നൽകും. ആഗോള തലത്തിലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കായി 1,00,000 വിമാന ടിക്കറ്റുകളാണ് സൗജന്യമായി നൽകുന്നത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിസ്തുല സേവനം നടത്തുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായാണ് സൗജന്യ വിമാന ടിക്കറ്റുകൾ നൽകുന്നത്. ഇന്നുമുതൽ ഈമാസം 18 വരെയുള്ള സമയങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകർക്ക് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം. ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ലാബ് ടെക്നീഷ്യന്മാർ, ക്ലിനിക്കൽ റിസർച്ചർ, ഫാർമസിസ്റ്റ് എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.

അബുദാബിയിൽ മൂവ്‌മെന്റ് പെർമിറ്റ് നിർബന്ധം

അബുദാബി: നിരോധനം ഏർപ്പെടുത്തിയ സമയത്ത് പുറത്തിറങ്ങാൻ അബുദാബിയിൽ മൂവ്‌മെന്റ് പെർമിറ്റ് നിർബന്ധമാക്കി. ദേശീയ അണുവിമുക്ത യജ്ഞം നടക്കുന്ന രാത്രി 10 മണി മുതൽ രാവിലെ 6 വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നതിനാണ് അനുമതി വാങ്ങേണ്ടത്. സ്വദേശികളും വിദേശികളും നിയമം പാലിക്കണമെന്ന് അബുബാദി പൊലീസ് അറിയിച്ചു. അതേസമയം നിയന്ത്രണങ്ങളിൽ ഇളവുകളുള്ള പൊലീസ്, ആരോഗ്യമേഖല, ജലവൈദ്യുതി, വാർത്താ വിനിമയം, ഊർജം, എയർപോർട്ട്, എമിഗ്രേഷൻ, ബാങ്ക്, മീഡിയ, നിർമ്മാണ മേഖല, പെട്രോൾ സ്‌റ്റേഷൻ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. www.adpolice.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അനുമതിയ്ക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രാധാന്യം പരിശോധിച്ച ശേഷം അനുമതി നൽകും. നിയമലംഘനം രേഖപ്പടുത്തിയതിൽ പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനുകം പരാതി നൽകാം.