കറാച്ചി: പാകിസ്ഥാനിൽ നിർമ്മിക്കുന്ന മരുന്നുകൾക്കുള്ള അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സർക്കാർ നിരോധിക്കരുതെന്ന് മരുന്ന് നിർമ്മാണ കമ്പനികൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഡോൺ ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. നിലവിൽ നിരോധനം വന്നാൽ മരുന്ന് നിർമ്മാണത്തിൽ 50 ശതമാനത്തോളം രാജ്യത്ത് കുറവ് വരുമെന്ന് മരുന്ന് നിർമ്മാതാക്കളുടെ സംഘടനയായ പാകിസ്ഥാൻ ഫാർമസ്യൂട്ടിക്കൽ മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. ഇത് രാജ്യത്തെ കൊവിഡ്-19 പോരാട്ടത്തിന് തടസ്സമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
കൂടുതൽ ക്വാറന്റൈൻ കേന്ദ്രങ്ങളും ആശുപത്രിവാർഡുകളും മരുന്നുകളും ലഭ്യമാക്കേണ്ട ഈ സമയത്ത് ഇത്തരം തീരുമാനം തിരിച്ചടിയാകുമെന്നും അവർ പറയുന്നു. പാകിസ്ഥാനിലെ 95 ശതമാനം മരുന്നുകളും നിർമ്മിക്കുന്നത് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾ കൊണ്ടാണ്. ഇതിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണ് എന്നും പിപിഎംഎ മുൻ ചെയർമാൻ ഡോ. കെയ്സർ വഹീദ് പറഞ്ഞു. ചൈനയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് ബാക്കി ഭാഗങ്ങൾ വരിക. മരുന്നുകൾ ലഭ്യമാകാതെ വന്നാൽ പലവിധ രോഗങ്ങൾക്കുള്ള ചികിത്സ രാജ്യത്ത് പ്രതിസന്ധിയിലാകുമെന്നും മരുന്ന് നിർമ്മാണ കമ്പനികൾ അറിയിച്ചു.