nurses-day

കണ്ണൂർ: ജോലി ചെയ്യണമെങ്കിൽ സ്വന്തം ചെലവിൽ മാസ്ക് ഉൾപ്പെടെയുള്ളവ വാങ്ങണമെന്ന ആശുപത്രി മാനേജ്‌മെന്റ് നിലപാടിനെതിരെ നഴ്സുമാർ നഴ്സസ് ദിനത്തിൽ സമരത്തിനിറങ്ങി. മണിക്കൂറുകൾക്കകം മാനേജ്മെന്റ് ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ ഉച്ചയോടെ സമരം പിൻവലിച്ചു. കണ്ണൂർ കൊയിലി ആശുപത്രിയിലാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തിയത്.

കൊവിഡ് വ്യാപന ഭീതി നിലനിൽക്കെ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്യാതെ ആശുപത്രി അധികൃതർ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രാവിലെ എട്ട് മണിയോടെയാണ് പ്രതിഷേധവുമായി അറുപതോളം നഴ്‌സുമാർ രംഗത്തെത്തിയത്.

തിങ്കളാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്‌സുമാർ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഡ്യൂട്ടിയിൽ തുടരുകയും രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്‌സുമാർ സമരം നടത്തുകയുമായിരുന്നു. സമരത്തെക്കുറിച്ച് കണ്ണൂർ ഡി.എം.ഒ ഡോ. നാരായൺ നായക് റിപ്പോർട്ട് തേടി.

''ഡ്യൂട്ടിക്കെത്തുന്ന നഴ്‌സുമാരിൽ നിന്ന് 25 രൂപവീതം ഒരു മാസ്‌കിന് ഈടാക്കി. മറ്റ് സുരക്ഷാസൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയില്ല. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

-നഴ്സുമാർ

''അടുത്ത ദിവസം തന്നെ നഴ്സുമാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ എത്തിക്കും. നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണ്.

- ആശുപത്രി മാനേജ്‌മെന്റ്