bmw-gran-coupe

ജർമ്മൻ ആഡംബര കാർ നിർമ്മാതക്കളായ ബി‌.എം‌.ഡബ്ല്യു 8 സീരീസ് ഗ്രാൻ‌ കൂപ്പെയും ബി‌.എം‌.ഡബ്ല്യു എം 8 കൂപ്പെയും ഇന്ത്യയിൽ‌ എത്തിച്ചു. 840i ഗ്രാൻ കൂപെ, 840i ഗ്രാൻ കൂപെ ‘എം സ്പോർട്ട്’ എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 8 സീരീസ് ഇന്ത്യയിൽ വില്പനക്കെത്തിയിരിക്കുന്നത്. ഇത് കൂടാതെ 8 സീരീസിന്റെ പെർഫോമൻസ് വകഭേദം എം8-നെയും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

840i ഗ്രാൻ കൂപ്പെയ്ക്ക് 1.30 കോടി രൂപയും, 840i ഗ്രാൻ കൂപ്പെ ‘എം സ്പോർട്ട്’ എഡിഷന് 1.55 കോടി രൂപയുമാണ് എക്സ്ഷോറൂം വില. എം8 കൂപ്പെയ്ക്ക് 2.15 കോടി രൂപയായിരിക്കും എക്‌സ്‌ഷോറൂം വില. ഇന്ത്യയിൽ 6 സീരീസിന്റെ പകരക്കാരനായിരിക്കും 8 സീരീസ് എന്നാണ് സൂചന. ഇന്ത്യയിലെത്തിയിട്ടുള്ള 8 സീരീസ് മോഡലുകൾക്ക് 3.0 ലിറ്റർ ഇൻ - ലൈൻ ആറ് സിലിണ്ടർ പെട്രോൽ എൻജിനാണ് ഇതിന് കരുത്തേകുന്നത്. ഇത് 333 ബി.എച്ച്.പി പവറും 500 എൻ.എം ടോർക്കുമേകും. എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക്കാണ് ട്രാൻസ്മിഷൻ. 250 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ വാഹനം 5.2 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. വലിയ കിഡ്‌നി ഗ്രിൽ, മനോഹരമായ ഹെഡ‌്‌ലാംപുകൾ, വലിയ എയർ ഇൻടേക്കുകൾ ‌‌‌തുടങ്ങി സ്പോർട്ടി ലുക്ക് തോന്നിക്കുന്ന പുറംഭാഗമാണ് വാഹനത്തിനുള്ളത്. പിൻഭാഗത്ത് എൽ.ഇ.ഡി ടെയ്ൽലാമ്പ്, സ്പോർട്ടി ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് കൂപ്പെയുടെ ഭംഗി. ഗ്രാൻഡ് കൂപ്പെയ്ക്ക് ‌18 ഇഞ്ച് അലോയ് വീലുകളുമാണ് നൽകിയിരിക്കുന്നത്.

8 സീരീസ് മോഡലുകൾ 4 സീറ്റ് 4 ഡോർ കോൺഫിഗറേഷനിൽ എത്തുമ്പോൾ എം8-ന് 2 ഡോറുകൾ മാത്രമേയുള്ളു. അതെ സമയം 4 സീറ്റ് ലേയൗട്ടിൽ മാറ്റമില്ല. ഗ്രിൽ, എക്സ്ഹോസ്റ്റ് എന്നിങ്ങനെ 8 സീരീസിലെ ക്രോമിൽ പൊതിഞ്ഞ ഭാഗങ്ങൾ എം8-ൽ കറുപ്പ് ലുക്ക് കൂടുതൽ സ്‌പോർട്ടി ആക്കിയിട്ടുണ്ട്.