കോഴിക്കോട്: ലോക്ക്ഡൗണിലുണ്ടായ പ്രവർത്തന മൂലധനനഷ്‌ടം മറികടക്കാൻ എം.എസ്.എം.ഇകൾക്ക് ബാങ്ക് വായ്‌പ ലഭ്യമാക്കാൻ ഗ്യാരന്റി നിൽക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഒഡീസിയ ചെയർമാൻ സി. അഖിലേഷ് പറഞ്ഞു. വായ്‌പ കിട്ടാക്കടമായ എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പോലും കേന്ദ്രതീരുമാനം ഗുണം ചെയ്യും. എന്നാൽ, അതെത്രമാത്രം പ്രാവർത്തികമാകുമെന്നത് ബാങ്കുകളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നത് ആശങ്കാജനകമാണ്.
മൂന്നുമാസത്തേക്ക് ബാങ്ക് വായ്‌പാ തിരിച്ചടവിന് മോറട്ടോറിയം നൽകിയിട്ടുണ്ട്. എന്നാൽ, ലോക്ക്ഡൗൺ മൂലം ഉത്‌പാദനവും വിപണനവും നടക്കാത്തതിനാൽ ഇക്കാലത്തെ വായ്‌പാ തിരിച്ചടവും പലിശയും ഒഴിവാക്കുകയാണ് വേണ്ടിയിരുന്നത്. ചുരുങ്ങിയത് ഒരുവർഷത്തേക്ക് എങ്കിലും പലിശയിളവ് നൽകണം. കാരണം, അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും അസംസ്കൃത വസ്‌തുക്കൾ പൂർണമായ തോതിൽ ലഭിച്ചുതുടങ്ങാൻ കാലതാമസമുണ്ടാകും.
ആറുമാസത്തേക്ക് പി.എഫ് വിഹിതം കേന്ദ്രം അടയ്ക്കുമെന്ന പ്രഖ്യാപനം, സർക്കാർ ഉത്തരവ് പ്രകാരം മിനിമം വേജസ് നടപ്പാക്കിയ എം.എസ്.എം.ഇകൾക്ക് പ്രയോജനപ്പെടില്ല. 90 ശതമാനം തൊഴിലാളികളും 15,000 രൂപയിൽ താഴെ ശമ്പളം നേടുന്ന എം.എസ്.എം.ഇകൾക്ക് മാത്രമേ പ്രയോജനപ്പെടൂ. അതിനാൽ ഈ നിബന്ധന ഒഴിവാക്കണം. ഒരുവർഷത്തേക്ക് ഇ.എസ്.ഐ വിഹിതവും ഒഴിവാക്കണം. വൈദ്യുതിയുടെ ഫിക്‌സഡ് ചാർജ് ഒഴിവാക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.