ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ചിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് അടുത്തകൊല്ലം ഇന്ത്യയിൽത്തന്നെ നടക്കുമെന്ന് ഫിഫ അധികൃതർ അറിയിച്ചു .2021 ഫെബ്രുവരി 17മുതൽ മാർച്ച് ഏഴുവരെ ടൂർണമെന്റ് നടത്തുമെന്നാണ് ഇന്ത്യയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഫിഫ അധികൃതർ അറിയിച്ചത്. ഇൗ വർഷം നവംബർ രണ്ടുമുതൽ 21 വരെയായിരുന്നു നേരത്തേ ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്.
ആതിഥയേരായ ഇന്ത്യ ഉൾപ്പടെ 16 രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.ഇതിൽ ഏഷ്യൻ മേഖലാ യോഗ്യതാമത്സരങ്ങൾ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. കൊൽക്കത്ത,ഭുവനേശ്വർ,നവി മുംബയ്,അഹമ്മദാബാദ്,ഗോഹട്ടി എന്നിങ്ങനെ അഞ്ച് നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. ഇന്ത്യ ആദ്യമായാണ് അണ്ടർ-17 ലോകകപ്പിന് വേദിയാകുന്നതും പങ്കെടുക്കുന്നതും.
ഫിഫയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലും പറഞ്ഞു.2017ൽ കൊച്ചി ഉൾപ്പടെയുള്ള വേദികളിലായി ഇന്ത്യ പുരുഷ അണ്ടർ 17ലോകകപ്പ് വിജയകരമായി നടത്തിയതിനെത്തുടർന്നാണ് വനിതകളുടെ ഇൗ കാറ്റഗറിയിലുള്ള ടൂർണമെന്റ് അനുവദിച്ചത്. എല്ലാ വൻകരകളിലെയും ഫുട്ബാൾ ഫെഡറേഷനുകളുമായി ചർച്ച നടത്തിയ ശേഷമാണ് ഫിഫ പുതിയ തീയതി പ്രഖ്യാപിച്ചത്.
ആതിഥേയരായ ഇന്ത്യയും ജപ്പാനും ഉത്തര കൊറിയയും അടക്കം മൂന്ന് ഏഷ്യൻ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്.യൂറോപ്പ്,ആഫ്രിക്ക, ഒാഷ്യാനിയ,തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നടക്കാനുള്ള യോഗ്യതാ ടൂർണമെന്റുകളിൽ നിന്നാണ് മറ്റ് 13 ടീമുകളെ കണ്ടെത്തേണ്ടത്. ടൂർണമെന്റിനുള്ള വേദികളെല്ലാം തയ്യാറായിക്കഴിഞ്ഞതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചിട്ടുണ്ട്.
അണ്ടർ 17 വനിതാ ലോകകപ്പിന് ഫിഫ പുതിയ തീയതി നിശ്ചയിച്ചതിൽ വളരെ സന്തോഷം. ഇന്ത്യയിലേക്ക് വരുന്ന ഇൗ വലിയ ഫിഫ ടൂർണമെന്റ് വൻ വിജയമാക്കാൻ എല്ലാവരും ഒത്തൊരുമിച്ചുനിന്ന് പ്രവർത്തിക്കും.
- കിരൺ റിജിജു
കേന്ദ്ര കായികമന്ത്രി