തിരുവനന്തപുരം: ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി ട്രെയിനിൽ വെള്ളിയാഴ്ച എത്തുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധകളുടെ ഏകോപനച്ചുമതല ഡി.ഐ.ജി എ.അക്ബറിനാണ്. എ.ഡി.ജി.പി ഡോ.ഷെയ്ക് ദെർവേസ് സാഹിബ് മേൽനോട്ടം വഹിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്രക്കാർ ട്രെയിൻ മാർഗം എത്തുന്ന കേരളത്തിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചു. കമൻഡാന്റുമാരായ ഡി.ശില്പ (തിരുവനന്തപുരം), അരവിന്ദ് സുകുമാർ (ആലുവ), ആർ.വിശ്വനാഥ് (കോഴിക്കോട്) എന്നിവരെയാണ് നിയോഗിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെ ക്രമീകരണങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നത് ജില്ലാ പൊലീസ് മേധാവിമാരായിരിക്കും. ഓരോ സ്റ്റേഷനിലും മൂന്ന് ഓഫീസർമാരെയും ഒരു പ്ലാറ്റൂൺ പൊലീസിനെയും വീതം വിന്യസിക്കും.