വിശാഖപട്ടണം: ആന്ധ്ര എൽ.ജി പോളിമേഴ്സിലെ വിഷവാതകത്തിന്റെ പ്രത്യാഘാതം വർഷങ്ങൾ നീണ്ടു നിൽക്കുമെന്ന് കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് മുന്നറിയിപ്പ്. ഇരകളായവർക്ക് ദീർഘകാലം ശ്വാസകോശ, ത്വക്ക് രോഗങ്ങളുണ്ടാകും. കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തണം. സി.എസ്.ഐ.ആർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ അറിയിച്ചു.
സൂക്ഷിച്ചിരിക്കുന്ന മുഴുവൻ സ്റ്റൈറീനും ദക്ഷിണകൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് സർക്കാർ എൽ.ജി കമ്പനിയോട് ആവശ്യപ്പെട്ടു.
ജനവാസമേഖലയിൽ പ്ലാന്റ് വിപുലീകരിക്കാൻ കമ്പനിക്ക് അനുമതി നൽകിയതിൽ പങ്കില്ലെന്ന് ആന്ധ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയതെന്നാണ് വാദം.