അഹമ്മദാബാദ്: വോട്ടെണ്ണലിൽ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി നേതാവുമായ ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. 2017ലെ ധോൽക മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ജസ്റ്റിസ് പരേഷ് ഉപാദ്ധ്യായ അസാധുവാക്കിയത്. ഭൂപേന്ദ്രയ്ക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് അശ്വിൻ റാത്തോഡിന്റെ പരാതിയിലാണിത്.
മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും 429 പോസ്റ്റൽ ബാലറ്റ് വോട്ടുകൾ അനധികൃതമായി റദ്ദാക്കിയെന്നുമുള്ള റാത്തോഡിന്റെ വാദം കോടതി ശരിവച്ചു റിട്ടേണിംഗ് ഓഫീസറും ധോൽക ഡെപ്യൂട്ടി കളക്ടറുമായ ധവൽ ജാനിയാണ് ഭൂപേന്ദ്രയ്ക്കായി വോട്ടെണ്ണലിൽ കൃത്രിമം നടത്തിയത്.
സുപ്രീംകോടതിയിൽ അപ്പീൽ നൽകാനായി ഉത്തരവിന് സ്റ്റേ നൽകണമെന്ന ഭൂപേന്ദ്രയുടെ ആവശ്യം കോടതി നിരാകരിച്ചു. അതേസമയം, സമയം റാത്തോഡിനെ വിജയിയായി പ്രഖ്യാപിക്കാൻ കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് അസാധുവാക്കിയതിനാൽ ഇത് സാധിക്കില്ലെന്ന് ജഡ്ജി പറഞ്ഞു.
327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭൂപേന്ദ്ര വിജയിച്ചത്. വിജയ് രൂപാണി മന്ത്രിസഭയിലെ മുതിർന്ന ക്യാബിനറ്റ് അംഗങ്ങളിൽ ഒരാളും നിയമ പാർലമെന്ററികാര്യ മന്ത്രിയുമായിരുന്നു ഭൂപേന്ദ്ര. വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന ചില പരിഷ്കാരങ്ങൾ വിവാദമായിരുന്നു. ഹാജറിന് പകരം ബി.ജെ.പി മുദ്രാവാക്യങ്ങളോട് സമാനതയുള്ള വാക്കുകൾ കുട്ടികളെക്കൊണ്ട് പറയിപ്പിക്കാൻ ഉത്തരവിറക്കിയത് അവയിലൊന്നാണ്.