kerala

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വീണ്ടും കൂടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കാര്യങ്ങൾ എളുപ്പമല്ലെന്നും നിയന്ത്രണങ്ങൾ പാളിയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നുമാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നിയന്ത്രണങ്ങൾ പാലിക്കാൻ വിസമ്മതിച്ചാൽ പ്രതീക്ഷിക്കാത്ത വിപത്ത് നേരിടേണ്ടതായി വരുമെന്നും താൻ ഇക്കാര്യം ആവർത്തിച്ച് പറയുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വരാനിടയുള്ള ആപത്തിന്റെ കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. ഇതുവരെ രോഗബാധ പെട്ടെന്ന് കണ്ടെത്താനും സുരക്ഷയൊരുക്കാനും സാധിച്ചു. ഇപ്പോൾ കൂടുതൽ പേർ സംസ്ഥാനത്തേക്ക് കൂടുതൽ പേർ വരുന്ന സാഹചര്യത്തിൽ അവർക്ക് സുരക്ഷയൊരുക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന ആരുടെയും പരിശോധന ഫലം നെഗറ്റീവ് ആയില്ല. മലപ്പുറം മൂന്ന് പേർക്കും,പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. ട്രെയിനിൽ കേരളത്തിലേക്ക് എത്തുന്നവർ പാസുകൾ കൈവശം വയ്ക്കണമെന്നും അങ്ങനെ ചെയ്യാത്തവരെ സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.