തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തിൽ വ്യത്യസ്തമായ പരിപാടികളൊരുക്കി മെഡിക്കൽ കോളേജ് ക്യാമ്പസ്. മെഡിക്കൽ കോളേജ് ആശുപത്രി, എസ്.എ.ടി, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്.എ.ടി ആശുപത്രിയിൽ വി.കെ. പ്രശാന്ത് എം.എൽ.എയും നഴ്സിംഗ് കോളേജിൽ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താജറോമും നഴ്സസ് ഹോസ്റ്റലിനു മുന്നിൽ ഡി.ജി.പി ലോക്‌നാഥ് ബഹ്റയും വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചെയ്കു
ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കെ.ജി.എൻ.എ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നൈറ്റിംഗേൽ ട്രീ എന്ന പേരിൽ 200 വൃക്ഷത്തൈകൾ നട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമദ്, എസ്.എ.ടി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജോളി ജോസ്, നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് രമണി, കെ.ജി.എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹമീദ്, കമ്മിറ്റി അംഗം പ്രിയ കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് വി. പ്രദീപ്, സെക്രട്ടറി അജോ സാം വർഗീസ്, ട്രഷറർ ആശ, എസ്.എ.ടി നഴ്സിംഗ് സൂപ്രണ്ട് സബിത തുടങ്ങിയവർ പങ്കെടുത്തു.