wil-fin

മെൽബൺ : വഴിയടച്ചു മുന്നിൽ നിൽക്കുന്ന കൊവിഡിനെ മറികടന്ന് കായികമത്സരങ്ങൾ സംഘടിപ്പിക്കാനുളള വഴി തേടുകയായാണ് ലോകരാജ്യങ്ങൾ. ഇക്കാര്യത്തിൽ പുതിയൊരു ഐഡിയയുമാണ് അയൽക്കാരായ ന്യൂസിലാൻഡ് - ആസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ വരുന്നത്. രണ്ട് രാജ്യങ്ങൾക്കും മറ്റ് രാജ്യങ്ങളുമായി നടക്കാനിരിക്കുന്ന പരമ്പരകൾ റദ്ദാക്കേണ്ടിവരുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ അയലത്തിരുന്ന് പരസ്പരം പരമ്പര നടത്തിക്കൂടേയെന്നാണ് ഇരുബോർഡുകളും ആലോചിക്കുന്നത്. വലിയ യാത്രകൾ വേണ്ടാത്തതിനാൽ ക്വാറന്റൈൻ കാലപരിധിയും ഒഴിവാക്കാനാകും.

മാർച്ചിൽ ആസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സിഡ്നിയിൽ നടന്നയുടനെ കൊവിഡ് മൂലം പരമ്പര റദ്ദാക്കിയിരുന്നു. ആസ്ട്രേലിയയിലേക്ക് ടെസ്റ്റ് പരമ്പരയ്ക്കായി ബംഗ്ളദേശും ഏകദിന പരമ്പരയ്ക്കായി ഇംഗ്ളണ്ടും വരും മാസങ്ങളിൽ എത്തേണ്ടതാണ്. എന്നാൽ ഇതെല്ലാം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സൂചനകൾ. ഒക്ടോബർ - നവംബർ മാസങ്ങളിലായി നിശ്ചയിച്ചിരിക്കുന്ന ട്വന്റി -20 ലോകകപ്പിന്റെ കാര്യത്തിൽ പോലും ഉറപ്പില്ല. ന്യൂസിലാൻഡിൽ പാകിസ്ഥാൻ,ശ്രീലങ്ക,വിൻഡീസ് ടീമുകൾ പര്യടനം നടത്തേണ്ട സമയമാണ് വരാനിരിക്കുന്നത്.

ഹോം സീസൺ മുടങ്ങുന്നത് ഇപ്പോൾത്തന്നെ സാമ്പത്തിക പ്രതിസന്ധിയിലുള്ള ആസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും ക്രിക്കറ്റ് ബോർഡുകളെ തകർത്തുകളയും. ആ പ്രതിസന്ധി ഒഴിവാക്കാൻ കൂടിയാണ് അയൽക്കാർ തമ്മിൽ മത്സരങ്ങൾ നടത്താൻ ആലോചിക്കുന്നത്.