kochi-metro

കൊച്ചി: രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ മെട്രോ ട്രെയിൻ സർവീസ് തുടങ്ങാനുള്ള തയാറെടുപ്പുമായി കൊച്ചി മെട്രോ. ശരാശരി 175 യാത്രക്കാരെ കയറ്റിക്കൊണ്ടാകും കൊച്ചി മെട്രോ സർവീസ് നടത്തുകയെന്ന വിവരമാണ് പുറത്തുവരുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനായി കോൺടാക്ട്ലെസ് സംവിധാനമാകും ഏർപ്പെടുത്തുക.

പണം പ്രത്യേക ബോക്സിൽ നിക്ഷേപിക്കുമ്പോഴാണ് മെഷീൻ വഴി മെട്രോ ട്രെയിൻ ടിക്കറ്റ് ലഭിക്കുക. ഇതോടൊപ്പം പ്രധാന മെട്രോ സ്റ്റേഷനുകളിൽ ഡിജിറ്റൽ തെർമൽ സ്കാനിംഗ് സംവിധാനവും ഉണ്ടാകും. തെർമൽ സ്കാനിംഗ് ക്യാമറയിലൂടെയാകും യാത്രക്കാരെ കടത്തിവിടുക. ഇടപ്പള്ളി, കലൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഈ സംവിധാനം ഉണ്ടാകുമെന്നാണ് വിവരം. മറ്റ് സ്റ്റേഷനുകളിലും തെർമൽ സ്കാനിംഗ് സംവിധാനമൊരുക്കും.

ഒരാഴ്ചയ്ക്കുള്ളിലാകും ഇവ സജ്ജമാക്കുക. ഇതോടൊപ്പം ട്രെയിനുകളിലെ താപനില 24 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്ക് മെട്രോ അധികൃതർ ക്രമീകരിക്കും. ഒപ്പം ട്രെയിനുകൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. രാജ്യത്ത് ട്രെയിനുകൾ ഓടാൻ തുടങ്ങിയ സാഹചര്യത്തിൽ കൂടിയാണ് കൊച്ചി മെട്രോ സർവീസ് നടത്താൻ തീരുമാനമെടുത്തത്. മാർച്ച് 20 മുതലാണ് മെട്രോ സർവീസ് കൊച്ചി മെട്രോ നിർത്തിവച്ചിരുന്നത്.