csk

ചെന്നൈ : കൊവിഡ് പ്രതിസന്ധി കാരണം ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്താനുള്ള നിർദ്ദേശത്തോട് വിയോജിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാൻ റോയൽസ് ഉൾപ്പെടെയുള്ള ഐപിഎൽ ടീമുകൾ ഈ നിർദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചതിനു പിന്നാലെയാണ് ചെന്നൈ താൽപര്യക്കുറവ് അറിയിച്ചത്. ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്തിയാൽ അത് ആഭ്യന്തര ക്രിക്കറ്റിലെ ട്വന്റി-20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോലെയാകുമെന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ചെന്നൈ സൂപ്പർ കിംഗ്സ് പ്രതിനിധി പറഞ്ഞു.

ഐപിഎൽ നീട്ടിവച്ചതിന് ശേഷം ബി.സി.സി.ഐയുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ടീം വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തകാലത്തൊന്നും പ്രശ്നങ്ങൾ മാറില്ലെന്ന് ഉറപ്പായതിനാൽ അത്തരം ചർച്ചകളിൽ കാര്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ, ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്താൻ തയാറാണെന്ന് രാജസ്ഥാൻ റോയൽസിന്റെ എക്സിക്യുട്ടിവ് ചെയർമാൻ രഞ്ജിത് ബർതാക്കൂർ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഈ വർഷം ഐപിഎൽ മുടങ്ങിയാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) 4000 കോടി രൂപയോളം വരുമാന നഷ്ടമുണ്ടാകുമെന്ന് വെളിപ്പെടുത്തി ബിസിസിഐ ട്രഷറർ അരുൺ ധൂമൽ രംഗത്തെത്തി. ഇത് ബോർഡിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.