വളർച്ചാ നിരക്ക് നെഗറ്രീവ് 16.7%
ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന (ഐ.ഐ.പി) വളർച്ച മാർച്ചിൽ നെഗറ്രീവ് 16.7 ശതമാനത്തിലേക്ക് കൂപ്പകുത്തി. ഫെബ്രുവരിയിൽ ഏഴ് മാസത്തെ ഉയരമായ 4.5 ശതമാനത്തിലെത്തിയ വളർച്ചയാണ് മാർച്ചിൽ തകർന്നടിഞ്ഞത്. 2019 മാർച്ചിൽ വളർച്ച 2.7 ശതമാനമായിരുന്നു.
കഴിഞ്ഞവർഷം മാർച്ചിൽ 3.1ശതമാനം വളർന്ന മാനുഫാക്‌ചറിംഗ് മേഖല, ഇത്തവണ നെഗറ്രീവ് 20.6 ശതമാനത്തിലേക്ക് തളർന്നതാണ് കനത്ത തിരിച്ചടിയായത്. ഫെബ്രുവരിയിൽ ഈ മേഖളയുടെ വളർച്ച കഴിഞ്ഞ 11 മാസത്തെ ഏറ്രവും ഉയർന്നതായിരുന്നു. വൈദ്യുതോത്പാദന വളർച്ച 2.2 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 6.8 ശതമാനത്തിലേക്കും ഇടിഞ്ഞു. ഖനന മേഖലയുടെ വളർച്ചയിൽ കഴിഞ്ഞവർഷത്തെ 0.8 ശതമാനത്തിൽ നിന്ന് ഇക്കുറി കാര്യമായ മാറ്റമില്ല.
മാർച്ചിൽ കാപ്പിറ്റൽ ഗുഡ്‌സ് ഉത്‌പാദന വളർച്ച നെഗറ്രീവ് 9.1 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 35.6 ശതമാനത്തിലേക്കും പ്രാഥമിക ഉത്‌പന്നങ്ങളുടെ വളർച്ച 2.6 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 3.1 ശതമാനത്തിലേക്കും അടിസ്ഥാന സൗകര്യ ഉത്‌പന്നങ്ങളുടെ വളർച്ച 12.4 ശതമാനത്തിൽ നിന്ന് നെഗറ്രീവ് 18.5 ശതമാനത്തിലേക്കും ഇടിഞ്ഞു.
വളരുന്നു, കീഴോട്ട്
-0.7%
കഴിഞ്ഞ സമ്പദ്‌വർഷത്തെ (2019-20) വ്യാവസായിക ഉത്‌പാദന വളർച്ച നെഗറ്രീവ് 0.7 ശതമാനമാണെന്ന് കേന്ദ്ര സ്‌റ്രാറ്രിസ്‌റ്രിക്‌സ് വകുപ്പ് വ്യക്തമാക്കി. 2018-19ൽ വളർച്ച പോസിറ്രീവ് 3.8 ശതമാനമായിരുന്നു.
-6.47%
ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.പി) 40 ശതമാനത്തോളം സംഭാവന ചെയ്യുന്ന മുഖ്യ വ്യവസായ മേഖല നെഗറ്രീവ് 6.47 ശതമാനം വളർച്ചയിലേക്ക് കൂപ്പുകുത്തിയാണ് മാർച്ചിൽ വലിയ തിരിച്ചടിയായത്. ഫെബ്രുവരിയിൽ വളർച്ച പോസിറ്രീവ് 7.1 ശതമാനമായിരുന്നു.
2.70 കോടി ചെറുപ്പക്കാർക്ക്
തൊഴിൽ നഷ്‌ടം
ലോക്ക്ഡൗണിൽ ഏപ്രിലിൽ മാത്രം 20നും 30നും ഇടയിൽ പ്രായമുള്ള 2.70 കോടിപ്പേർക്ക് തൊഴിൽ നഷ്‌ടമായെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ റിപ്പോർട്ട്. 2019-20ൽ 3.42 കോടി ചെറുപ്പക്കാരാണ് തൊഴിൽ ചെയ്‌തിരുന്നതെങ്കിൽ കഴിഞ്ഞമാസം ഇത് 2.09 കോടിയായി താഴ്ന്നുവെന്നും റിപ്പോർട്ടിലുണ്ട്.