messi

ലോക കായികരംഗത്ത് ഏറ്റവുമധികം പണം സമ്പാദിക്കുന്ന കൂട്ടത്തിലുള്ളവരാണ് ഫുട്ബാൾ താരങ്ങൾ. യൂറോപ്യൻ പ്രൊഫഷണൽ ക്ളബുകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ ശമ്പളമായി വാങ്ങുന്ന ഇവർ പരസ്യവിപണിയിൽ നിന്നും പണമുണ്ടാക്കുന്നു. ലോകത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള അഞ്ച് ഫുട്ബാൾ കളിക്കാരെ പരിചയപ്പെടാം

ലയണൽ മെസി

ബാഴ്സലോണ

ഇക്കാലത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം വിലയിരുത്തപ്പെടുന്ന മെസി 2019ലെ ഫോർബ്സ് ലിസ്റ്റ് അനുസരിച്ച് വരുമാനത്തിൽ പോർച്ചുഗീസ് താരത്തിനും മേലേയാണ്. 127 ദശലക്ഷം ഡോളറാണ് മെസിയുടെ കഴിഞ്ഞവർഷത്തെ വരുമാനം.ഇതിൽ 92 ദശലക്ഷം ഡോളറും ബാഴ്സലോണയിൽ നിന്നുളള പ്രതിഫലമായി ലഭിച്ചതാണ്.35 ദശലക്ഷം ഡോളർ പരസ്യങ്ങളിൽ നിന്ന് ലഭിച്ചതും. ഒാരോ സീസണിലും ശമ്പള ഇനത്തിൽ വൻ വർദ്ധനവ് വരുത്തിയാണ് ബാഴ്സലോണ മെസിയെ നിലനിറുത്തുന്നത്. 2021 വരെയാണ് ബാഴ്സലോണയുമായുള്ള നിലവിലെ കരാർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവന്റസ്

ഇംഗ്ളീഷ് പ്രിമിയർ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സെരി എ , യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലെല്ലാം മുത്തമിട്ടിട്ടുള്ള അപൂർവ്വ പ്രതിഭയായ ക്രിസ്റ്റ്യാനോ പണമുണ്ടാക്കുന്നതിലും ഒട്ടും പിന്നിലല്ല. ഒരു ദശകത്തോളമായി സമ്പാദ്യപ്പട്ടികയിലെ മുൻനിരക്കാരിൽ ഇൗ പറങ്കിയുണ്ട്.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫോർബ്സിന്റെ കണക്ക് അനുസരിച്ച് 109 ദശലക്ഷം ഡോളറാണ് ക്രിസ്റ്റ്യാനോയുടെ വരുമാനം. ഇതിൽ 65ദശലക്ഷം ഡോളർ യുവന്റസിലെ ശമ്പളവും 44 ദശലക്ഷം ഡോളർ പരസ്യവരുമാനവും.

നെയ്മർ

പാരീസ് എസ്.ജി

സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ നിന്ന് റെക്കാഡ് ട്രാൻസ്ഫർ തുകയ്ക്ക് പാരീസിലെത്തിയ നെയ്മർ ഇടയ്ക്കിടയ പരിക്കുകളിൽപ്പെട്ട് ഉഴലുന്നെങ്കിലും വരുമാനത്തിൽ മുന്നിൽത്തന്നെ . കഴിഞ്ഞ വർഷത്തെ നെയ്മറിന്റെ സമ്പാദ്യം 105ദശലക്ഷം ഡോളറാണ്. ശമ്പളവും ബോണസുമായി 75ദശലക്ഷം ഡോളറും പരസ്യത്തിൽ നിന്ന് 30 ദശലക്ഷം ഡോളറും.സോഷ്യൽ മീഡിയയിൽ ക്രിസ്റ്റ്യാനോ റാെണാൾഡോയ്ക്ക് പിന്നിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉളള്ള ഫുട്ബാളറും നെയ്മറാണ്.ഇപ്പോൾ ബാഴ്സലോണയിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇൗ ബ്രസീലിയൻ താരം.

പോൾ പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ്

പണവേട്ടക്കാരുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാരും പിന്നീടുള്ളവരും തമ്മിൽ വലിയ വ്യത്യാസമുണ്ട്.നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 33 ദശലക്ഷം ഡോളറാണ്. ഇതിൽ 29 ദശലക്ഷം ഡോളറും ശമ്പള ഇനത്തിൽ നിന്നുള്ളതാണ്.

ആന്ദ്രേ ഇനിയെസ്റ്റ

വിസൽ കോബ്

ടോപ് ഫൈവ് പട്ടികയിലെ ഏക ഏഷ്യൻ ക്ളബ് താരം ജപ്പാനിലെ വിസൽ കോബിന്റെ ആന്ദ്രേ ഇനിയെസ്റ്റയാണ്. മുൻ ബാഴ്സലോണ താരമായ ഇനിയെസ്റ്റ 2018ലാണ് ജപ്പാനിലെത്തിയത്. 32.5 ദശലക്ഷം ഡോളറാണ് വാർഷിക വരുമാനം.ഇതിൽ 30 ദശലക്ഷം ഡോളറും ശമ്പള ഇനത്തിൽ.36കാരനായ ഇനിയെസ്റ്റ കളി നിറുത്തിയശേഷം ബാഴ്സലോണയുടെ കോച്ചാവാനുള്ള ശ്രമത്തിലാണ്.

കൊവിഡ് കട്ട്

ഇൗ വർഷം കൊവിഡിന്റെ അപ്രതീക്ഷിത വിളയാട്ടം കളിക്കാരുടെ വരുമാനത്തിലും വലിയ കുറവ് വരുത്തും. ബാഴ്സലോണയും യുവന്റസും ഉൾപ്പടെയുള്ള ക്ളബുകൾ ശമ്പളത്തിൽ 30 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്.