ധുംക: ഝാർഖണ്ഡിലെ ധുംക ഗ്രാമത്തിൽ ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രണ്ട് യുവാക്കളെ പ്രദേശവാസികൾ കെട്ടിയിട്ട് അടിച്ചെങ്കിലും ഗുരുതര പരിക്കേറ്റ സുബാൻ അൻസാരിയാണ് (26) മരിച്ചത്. അൻസാരിയുടെ സുഹൃത്ത് ദുലാൽ മിർധ (22) ആശുപത്രിയിലാണ്.
അയൽഗ്രാമമായ കാതികുണ്ഡിൽ നിന്നും ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം ഇവരെ പിടികൂടുകയായിരുന്നു. ഗ്രാമത്തിന് പുറത്തുള്ള സ്ഥലത്ത് യുവാക്കൾ ആടിനെ വെട്ടുന്നത് കണ്ടതായി പ്രദേശവാസികൾ പ്രചരിപ്പിച്ചതോടെ ആൾക്കൂട്ടം ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തടിച്ചുകൂടിയ ആളുകൾ ഇരുവരെയും ഗ്രാമത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു.
കൊലപാതകത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ധുംക പൊലീസ് സൂപ്രണ്ട് അംബർ ലക്ദ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട അൻസാരിക്കെതിരെയും സുഹൃത്തിനെതിരെയും മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.