modi

ന്യൂഡൽഹി: കൊവിഡ് നിരീക്ഷണത്തിനായുള്ള ആരോഗ്യ സേതു ആപ്പ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രസ്താവനയുമായി മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ കൃഷ്ണ. ആപ്പ് ഉപയോഗിക്കണമെന്ന നിർദേശം കേന്ദ്ര സർക്കാർ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുറപ്പെടുവിച്ചതെന്നും അദ്ദേഹം ചോദിച്ചു. തന്റെ അറിവിൽ അത്തരത്തിൽ ഒരു നിയമവും നിലാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019 ഡിസംബറിൽ കേന്ദ്ര ഐ.ടി മന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ വിവര സംരക്ഷണ ബില്ലിന് പിന്നിൽ പ്രവർത്തിച്ചയാൾ കൂടിയാണ് ബി.എൻ കൃഷ്ണ. പൗരന്മാരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാൻ ബിൽ വഴിതുറക്കുമെന്ന് അന്ന് ആശങ്കകൾ ഉയർന്നിരുന്നു. രാജ്യത്തെ സർക്കാർ ജീവനക്കാരും സ്വകാര്യ ജീവനക്കാരും നിർബന്ധമായും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ മെയ് ഒന്നിന് നിർദേശം നൽകിയിരുന്നു.

അതേസമയം, 'ആരോഗ്യ സേതു' ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പര്യാപ്തമല്ലെന്ന് പറഞ്ഞുകൊണ്ട് ഫ്രഞ്ച് സൈബർ സുരക്ഷാ വിദഗ്ദനും ഗവേഷകനുമായ റോബർട്ട് ബാപ്റ്റിസ്റ്റ് രംഗത്തുവന്നിരുന്നു. 'എലിയട്ട് ആൻഡേഴ്സൺ' എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിൽ വഴിയാണ് അദ്ദേഹം ആപ്പിലെ സുരക്ഷാ വീഴ്ചകളെ കുറിച്ച് വിശദീകരിച്ചത്. ആപ്പിന് നിരവധി പോരായ്മകൾ ഉണ്ടെന്നും അവ ചൂഷണം ചെയ്തുകൊണ്ട് ആരൊക്കെയാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെന്ന് തനിക്ക് മനസിലാക്കാൻ സാധിച്ചുവെന്നും റോബർട്ട് പറഞ്ഞിരുന്നു.