modi

ന്യൂഡൽഹി: കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നാം തോൽക്കില്ലെന്നും മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് രോഗമെന്നും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു വൈറസ് ലോകത്തെയാകെ മുട്ടുകുത്തിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞു.

അത് ജീവിതത്തിന്റെ താളം തെറ്റിച്ചു. ഇങ്ങനെയൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല. മോദി പറഞ്ഞു. ഒപ്പം കൊവിഡ് പ്രതിരോധത്തിന് 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ ജി.ഡി.പിയുടെ 10 ശതമാനമാണ് പാക്കേജിനായി മാറ്റി വയ്ക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ നാളെ കേന്ദ്ര ധനമന്ത്രി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

മനുഷ്യരാശിയിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്. ലോകത്തിന്റെ പ്രതീക്ഷയാണ് ഇന്ന് ഇന്ത്യ. പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പോരാട്ടം ആരംഭിച്ച സമയത്ത് നാം പി.പി.ഇ കിറ്റുകൾ നിർമിച്ചിരുന്നില്ല. എന്നാൽ ഇന്ന് നമ്മൾ രണ്ട് ലക്ഷത്തിലധികം പി.പി.ഇ കിറ്റുകളും എൻ 95മാസ്കും നിർമിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു.

'ആത്മനിർഭൺ ഭാരത് അഭിയാൻ' എന്നതാണ് പദ്ധതിയുടെ പേര്. രാജ്യത്തിന്റെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതിന് വേണ്ടിയാണ് കേന്ദ്രം പാക്കേജ് അനുവദിച്ചിരിക്കുന്നത്. കർഷകർ, തൊഴിലാളികൾ, ചെറുകിട സംരംഭങ്ങൾ എന്നിവർക്ക് ഈ പാക്കേജ് ഗുണം ചെയ്യും. അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രധാന മേഖലകളെ കൊവിഡ് രോഗത്തിന്റെ സാഹചര്യം ബാധിച്ച സാഹചര്യത്തിലാണ് പാക്കേജ് അനുവദിക്കുന്നത്. രാജ്യത്തെ നാലാം ഘട്ട ലോക്ക്ഡൗൺ വ്യത്യസ്തമായിരിക്കുമെന്നും അതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മെയ് 18ന് മുൻപ് നടത്തുമെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ഇക്കാര്യത്തിൽ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ കൊവിഡ് പോരാട്ടം നാല് മാസം പിന്നിടുകയാണ്. സ്വയംപര്യാപ്ത ഇന്ത്യയാണ് നമുക്കാവശ്യം. ഈ വെല്ലുവിളി ഇന്ത്യക്കുള്ള പുതിയ അവസരമാണ്. സ്വയം പര്യാപ്തത ഉറപ്പാക്കാൻ സാധിച്ചാൽ ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കുടുംബാംഗങ്ങൾ നഷ്ടമായ എല്ലാ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രി മോദി പറഞ്ഞു.