മുംബയ്: ലോക്ക്ഡൗണിൽ മദ്യം വീട്ടിലെത്തിക്കാൻ റീട്ടെയിൽ ഷോപ്പുകൾക്ക് അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ. ഇതിനായുള്ള മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി.മദ്യം വീടുകളിലെത്തിക്കുന്നവർ കൃത്യമായി മാസ്‌ക് ധരിക്കുകയും ഇടവേളകളിൽ സാനിറ്റൈസറും ഉപയോഗിക്കണം. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയാണ് വിൽക്കാൻ അനുമതി.ലോക്ക്ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ മദ്യഷാപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിരുന്നു. ഇ-ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയെങ്കിലും സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് ഷോപ്പുകൾ പൂട്ടുകയായിരുന്നു.