ന്യൂഡൽഹി: കൊവിഡിന്റെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന രാജ്യത്തെ കൈപിടിച്ചുയർത്താൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സർക്കാർ. 'ആത്മനിർഭർ ഭാരത് അഭിയാൻ' എന്നതാണ് കേന്ദ്ര പദ്ധതിയുടെ പേര്. രാജ്യത്തിന്റെ സമസ്ത മേഖലകൾക്കും ഉത്തേജനം നൽകുന്നതിന് വേണ്ടിയാണ് കേന്ദ്രം പാക്കേജ് അനുവദിച്ചിരിക്കുന്നതെന്നും കർഷകർ, തൊഴിലാളികൾ, ചെറുകിട സംരംഭങ്ങൾ എന്നിവർക്ക് ഈ പാക്കേജ് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്തെ പ്രധാന മേഖലകളെ കൊവിഡ് രോഗത്തിന്റെ സാഹചര്യം ബാധിച്ച സാഹചര്യത്തിലാണ് പാക്കേജ് അനുവദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കേജിലൂടെ താഴെത്തട്ടിൽ നിന്നുമുള്ള വികസനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അഞ്ച് തൂണുകളിലാകണം സ്വയംപര്യാപ്ത ഇന്ത്യ നിലനിൽക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ അടിസ്ഥാന സൗകര്യങ്ങൾ സാങ്കേതിക വിദ്യ എന്നിവയാണ് ആദ്യ മൂന്ന് തൂണുകൾ. പ്രധാനമന്ത്രി വിശദീകരിക്കുന്നു.
ഇന്ത്യയുടെ സാമൂഹിക വൈവിദ്ധ്യം നാലാമത്തെ തൂണാകുമ്പോൾ ഉത്‌പാദന, വിതരണ ശൃംഖല യാണ് അഞ്ചാമത്തെ തൂണ്. പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, രാജ്യത്തെ നാലാം ഘട്ട ലോക്ക്ഡൗൺ വ്യത്യസ്തമായിരിക്കുമെന്നും അതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മെയ് 18ന് മുൻപ് നടത്തുമെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി ഇക്കാര്യത്തിൽ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങൾ പറഞ്ഞത്.