മുംബയ് : ക്യാപ്ടൻ കൂൾ എന്നൊക്കെ വിശേഷണമുണ്ടെങ്കിലും മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി കളിക്കളത്തിൽ ദേഷ്യപ്പെടാറില്ലെന്ന പൊതുധാരണ ശരിയല്ലെന്ന് മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ഇർഫാൻ പഠാനും . സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധോണിയുടെ ചൂടൻ സ്വഭാവത്തെക്കുറിച്ച് ഇരുവരും വിവരിച്ചത്.
ലോകകപ്പിന്റെ സമയത്ത് ഉൾപ്പെടെ ധോണി കുപിതനാകുന്നത് കണ്ടിട്ടുണ്ടെന്ന് ഗംഭീർ വിശദീകരിച്ചു. ഒരിക്കൽ പരിശീലന മത്സരത്തിനിടെ പുറത്തായപ്പോൾ ധോണി ബാറ്റ് വലിച്ചെറിഞ്ഞ് ഡ്രസിംഗ് റൂമിലേക്കു മടങ്ങിയതിനെക്കുറിച്ചായിരുന്നു പഠാന്റെ വിവരണം.
‘ധോണി ദേഷ്യപ്പെടുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ആളുകൾ പറയാറുണ്ട്. പക്ഷേ, അദ്ദേഹം ദേഷ്യപ്പെടുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട്. 2007ലെ ലോകകപ്പ് സമയത്തും മറ്റ് ലോകകപ്പുകളുടെ സമയത്തും പിഴവുകളൊക്കെ സംഭവിക്കുമ്പോൾ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. ധോണിയും മനുഷ്യനാണെന്ന് നമ്മൾ ഓർക്കണം. സ്വാഭാവികമായും അദ്ദേഹം അത്തരത്തിൽ പ്രതികരിച്ചെന്നുമിരിക്കും. ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമ്പോൾ പോലും ഫീൽഡിംഗിനിടെ താരങ്ങൾ പിഴവു വരുത്തുമ്പോൾ ധോണി കുപിതനാകുന്നത് കാണാം’ – ഗംഭീർ പറഞ്ഞു. അതേസമയം, താനുമായി താരതമ്യപ്പെടുത്തുമ്പോൾ ധോണി വളരെ ശാന്തനാണെന്നും ഗംഭീർ സമ്മതിച്ചു.
ബാറ്റ് വലിച്ചെറിയൽ
2006–07ൽ പരിശീലന സെഷനിടെ രണ്ടു ടീമാക്കി കളിക്കുമ്പോൾ പുറത്തായതിനെ തുടർന്ന് ധോണി കുപിതനായി ബാറ്റ് വലിച്ചറിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് വെളിപ്പെടുത്തിയത് ഇർഫാൻ പഠാനാണ്.
ആയിടയ്ക്ക് പരിശീലനത്തിന്റെ ഭാഗമായി ടീമിനെ രണ്ടായി തിരിച്ച് ഒരു മത്സരം നടത്തി. വലംകയ്യൻമാർ ഇടംകയ്യൻമാർക്കൊപ്പവും ഇടംകയ്യൻമാർ വലംകയ്യൻമാർക്കൊപ്പവും ബാറ്റു ചെയ്ത് പരിശീലിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. കളിക്കിടെ ഔട്ടായപ്പോൾ ധോണി കുപിതനായി. താൻ ഔട്ടല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദേഷ്യം സഹിക്കാനാകാതെ അദ്ദേഹം ബാറ്റ് വലിച്ചെറിഞ്ഞ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇപ്പോഴും ഓർമയുണ്ട്. പിന്നീട് ഒരുപാട് താമസിച്ചാണ് പരിശീലനത്തിന് വന്നത് – പഠാൻ പറഞ്ഞു.
കുൽദീപിന്റെ അനുഭവം
അടുത്തിടെ ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ഷോയിൽ പങ്കെടുക്കുമ്പോൾ ധോണി ദേഷ്യപ്പെട്ട സംഭവം ഇന്ത്യൻ താരം കുൽദീപ് യാദവും പങ്കുവച്ചിരുന്നു. ഇൻഡോറിൽ ലങ്കയ്ക്കെതിരെ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ‘ കുശാൽ പെരേരയാണ് സ്ട്രൈക്ക് ചെയ്തിരുന്നത്. എനിക്കെതിരെ കുശാൽ കവറിനു മുകളിലൂടെ ബൗണ്ടറി നേടി. ഇതോടെ ഫീൽഡിംഗ് ക്രമീകരണത്തിൽ വ്യത്യാസം വരുത്താൻ ധോണി വിളിച്ചുപറഞ്ഞു. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല. തൊട്ടടുത്ത പന്ത് കുശാൽ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തി. ഇതോടെ കുപിതനായ ധോണി എന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു: ഞാനെന്താ പൊട്ടനാണോ? ഇന്ത്യയ്ക്കു വേണ്ടി 300 ഏകദിനം കളിച്ചയാളാണ് ഞാൻ. എന്നിട്ടും ഞാൻ പറയുന്നത് കേട്ടുകൂടേ?’ – ഇരുപത്തിനാലുകാരനായ കുൽദീപ് ഓർത്തെടുത്തു.
‘അന്നെനിക്ക് അദ്ദേഹത്തോടു പേടിതോന്നി. മത്സരത്തിനുശേഷം ഹോട്ടലിലേക്കു പോകുമ്പോൾ ഞാൻ ധോണി ഭായിയുടെ അടുത്തെത്തി, ഇതിനു മുൻപ് എന്നെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ആരോടും ദേഷ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ – കുൽദീപ് യാദവ് പറഞ്ഞു.